ഗാസയിലെ താൽക്കാലിക വെടിനിർത്തൽ; 12 തായ് പൗരന്മാരുൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു

(www.kl14onlinenews.com)
(24-NOV-2023)

ഗാസയിലെ താൽക്കാലിക വെടിനിർത്തൽ; 12 തായ് പൗരന്മാരുൾപ്പെടെ 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു
ഗാസ സിറ്റി:
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിനെ തുടർന്ന് 25 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. സുരക്ഷാ വകുപ്പും വിദേശകാര്യ മന്ത്രാലയവും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. 12 തായ് ബന്ദികൾ ഉൾപ്പെടെയാണ് 25 പേരെ വിട്ടയച്ചത്. എംബസി ഉദ്യോഗസ്ഥർ ഒരു മണിക്കൂറിനുള്ളിൽ അവരെ കൊണ്ടുപോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തും. അതേസമയം 12 പൗരന്മാരെ വിട്ടയച്ചതായി സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി ശ്രേതാ തവിസിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇവരുടെ പേരും വിശദാംശങ്ങളും വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി

കരാർ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളിൽ മൂന്ന് അമേരിക്കക്കാരും ഉൾപ്പെടും. ഇരുഭാഗത്തുനിന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രായേൽ പൗരന്മാർ മാത്രമല്ല ബന്ദികൾ

ഇസ്രയേലി പൗരന്മാരെ മാത്രമല്ല ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളിലെയും പൗരന്മാർ ബന്ദിയാക്കപ്പെട്ടവരിൽ ഉൾപ്പെടും. ഒക്‌ടോബർ ഏഴിന് നടന്ന സംഗീതോത്സവത്തിൽ പങ്കെടുത്തവരാണ് ബന്ദികളാക്കിയവരിൽ ഏറെയും. പരിപാടിയിൽ പങ്കെടുക്കുന്ന സാധാരണക്കാരെ ഹമാസ് ബന്ദികളാക്കുകയായിരുന്നു.

ബന്ദികളാക്കിയ പൗരന്മാരിൽ ഇസ്രായേലിന് പുറമെ അമേരിക്ക, തായ്‌ലൻഡ്, ജർമ്മനി, അർജന്റീന, ബ്രിട്ടൻ, ഫ്രാൻസ്, നെതർലൻഡ്‌സ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുവെന്നാണ് വിവരം.

റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്‌ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് അറിയിച്ചു. ഇവരെ ഇസ്രയേലി അധികൃതര്‍ ആറിഷ് വിമാനത്താവളത്തില്‍ എത്തിച്ച ശേഷം ഇസ്രയേല്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകും. ഹമാസ് വിട്ടയച്ച തായ് പൗരന്മാര്‍ റഫാ അതിര്‍ത്തി വഴി ഇസ്രയേലില്‍ എത്തിയെന്നും ഇവരെ ടെല്‍ അവീവിനു തെക്കുഭാഗത്തുള്ള ഷാമിര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുമെന്നും തായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് 48 മണിക്കൂര്‍ ഇവിടെ വൈദ്യശുശ്രൂഷ നല്‍കും. ഇവര്‍ എല്ലാവരും പുരുഷന്മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post