ലോകകപ്പിലെ ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടത്തിന് മഴ ഭീഷണി, ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന സെമി നടക്കുമോ..?

(www.kl14onlinenews.com)
(08-NOV-2023)

ലോകകപ്പിലെ ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടത്തിന് മഴ ഭീഷണി, ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന സെമി നടക്കുമോ..?
ബാംഗ്ലൂർ : ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തില്‍ മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ബെംഗലൂരുവില്‍ കനത്ത മഴയുണ്ട്. മത്സരദിവസമായ നാളെയും മഴ പ്രവചനമുണ്ട്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ കൂടും.

ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയന്‍റ് പങ്കിടും. ഇതോടെ ന്യൂസിലന്‍ഡിന് ഒമ്പത് പോയന്‍റോടെ പോരാട്ടം അവസാനിപ്പിക്കേണ്ടിവരും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലെത്താനുള്ള വഴി തെളിയും. അഫ്ഗാനിസ്ഥാനും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യതകളുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനും പിന്നിലാണെന്നത് തിരിച്ചടിയാണ്.

ബെംഗലൂരുവില്‍ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലും ന്യൂസിലന്‍ഡിനെ മഴ ചതിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 400 റണ്‍സിനു മുകളില്‍ അടിച്ചിട്ടും മഴ കളിച്ചപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം തുടക്കം മുതല്‍ തകര്‍ത്തടിച്ച പാകിസ്ഥാന്‍ വിജയികളായി. നാളെ മഴമൂലം കളി പൂര്‍ണമായും മുടങ്ങിയില്ലെങ്കിലും മഴമൂലം കളി തടസപ്പെട്ടാല്‍ മത്സരഫലം എങ്ങനെ വേണമെങ്കിലും മാറി മറിയാമെന്നത് ന്യൂസിലന്‍ഡിന്‍റെ ആശങ്ക കൂട്ടുന്നുണ്ട്.

എന്നാല്‍ മഴ പ്രവചനത്തെക്കുറിച്ച് മത്സരത്തലേന്ന് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നായിരുന്നു കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ പ്രതികരണം. സെമി കാണാതെ നേരത്തെ പുറത്തായതിനാല്‍ നാളത്തെ മത്സരഫലം ശ്രീലങ്കയെ ബാധിക്കില്ല. 11ന് കൊല്‍ക്കത്തയിലാണ് പാകിസ്ഥാന്‍-ഇംഗ്ലണ്ട് പോരാട്ടം. നാളെ ന്യൂസിലന്‍ഡ് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് വെറും ജയം മതിയാവില്ല.

നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലാണെന്നതിനാല്‍ 130 റണ്‍സ് വ്യത്യാസത്തിലെങ്കിലും ഇംഗ്ലണ്ടിനെതിരെ ജയിച്ചാലെ പാകിസ്ഥാന് സെമിയിലെത്താനാവു. എന്നാല്‍ ശ്രീലങ്ക, നാളെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ വെറും ജയം കൊണ്ട് പാകിസ്ഥാന് സെമിയിലെത്താം. ഇന്ത്യ-പാക് സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങുകയും ചെയ്യും. ശ്രീലങ്ക ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ട് പാകിസ്ഥാനെയും തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിക്കുകയും ചെയ്താല്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സെമിക്ക് വഴി തെളിയും.

പാകിസ്ഥാൻ -ന്യൂസിലന്‍ഡ് 
സെമി സാധ്യതകൾ 

ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ന്യൂസിലന്‍ഡിന് തന്നെയാണ്. കാരണം മറ്റുരണ്ട് ടീമുകളെ അപേക്ഷിച്ച് മികച്ച നെറ്റ് റണ്‍റേറ്റുണ്ട് കിവീസിന്. റണ്‍റേറ്റ് നോക്കുമ്പോള്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് അഫ്ഗാനിസ്ഥാന്‍. +0.398 -ാണ് കിവീസിന്റെ നെറ്റ് റണ്‍റേറ്റ്. പാകിസ്ഥാന്    +0.036. അഫ്ഗാന് കുറച്ച് കടുപ്പമാണ്. -0.338 റണ്‍റേറ്റില്‍ ആറാമതാണ് അഫ്ഗാന്‍. മാത്രമല്ല, ന്യൂസിലന്‍ഡിന് നേരിടാനുള്ളത് താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയെയാണ്. നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പാകിസ്ഥാന് ഇംഗ്ലണ്ടാണ് എതിരാളി. അഫ്ഗാന് ശക്തരായ ദക്ഷിണാഫ്രിക്കയും.

നാളെ ന്യൂസിലന്‍ഡ് ജയിക്കുകയാണെങ്കില്‍ സെമി ഫൈനല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. പിന്നീടെല്ലാം കണക്കിന്റെ കളിയാണ്. കിവീസ് ഒരു റണ്ണിന് ജയിച്ചാല്‍ പോലും പാകിസ്ഥാന് അവസാന മത്സരത്തില്‍ ചുരുങ്ങിയത് 135 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. ഇനി പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 27 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കണം. 25 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന് അവസാന മത്സരത്തില്‍ 154 റണ്‍സിന് ജയിക്കേണ്ടതായി വരും. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 25 ഓവറില്‍ സ്‌കോര്‍ പിന്തുടരണം. 50 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്‍ 177 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 21 ഓവറില്‍ മത്സരം സ്വന്തമാക്കണം. 

ഇനി നൂറ് റണ്‍സിനാണ് കിവീസ് ജയമെങ്കില്‍ പാകിസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. 225 റണ്‍സിന് ഇംഗ്ലണ്ടിനോട് ജയിക്കേണ്ടിവരും. രണ്ടാമതാണ് ബാറ്റിംഗെങ്കില്‍ 14 ഓവറില്‍ മത്സരം തീര്‍ക്കണം. ഇനി ശ്രീലങ്കയ്ക്കെതിരെ 35 ഓവറില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 225ന് റണ്‍സി ജയിക്കണം. രണ്ടാമതാണ് ബാറ്റിംഗ് എങ്കില്‍ പാകിസ്ഥാന്‍ 14 ഓവറില്‍ കളി തീര്‍ക്കണം. 40 ഓവറിനുള്ളിലാണ് ജയിക്കുന്നെങ്കില്‍ പാകിസ്ഥാന്‍ 193 റണ്‍സിന് ജയിക്കേണ്ടതായി വരും. ചുരുക്കി പറഞ്ഞാല്‍ ന്യൂസിലന്‍ഡ് തോറ്റാല്‍ മാത്രമേ പാകിസ്ഥാന് അനുകൂലമാവൂ.


Post a Comment

Previous Post Next Post