ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ; റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം

(www.kl14onlinenews.com)
(27-NOV-2023)

ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ; റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം
ദോഹ: ഉറ്റവരെ നഷ്ടമായ ഫലസ്തീനികൾക്ക് സാന്ത്വനം പകർന്നും പരിക്കേറ്റവരെ ആശ്വസിപ്പിച്ചും ​മരുന്നും ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വരവ് ഏകോപിപ്പിച്ചും വിദേശകാര്യ അന്താരാഷ്​ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത്​ റാഷിദ്​ അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള ഖത്തരി സംഘം തെക്കൻ ഗസ്സയിൽ.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് മൂന്നാം ദിനമാണ് ഖത്തർ സംഘം റഫ അതിർത്തി കടന്ന്​ തെക്കൻ ഗസ്സയിൽ പ്രവേശിച്ചത്. ഒക്​ടോബർ ഏഴിന്​ ഇസ്രായേൽ ഗസ്സക്കു നേരെ ആക്രമണം ആരംഭിച്ച ശേഷം അതിർത്തി കടന്ന് ഫലസ്തീൻ പ്രദേശത്ത് പ്രവേശിക്കുന്ന ആദ്യ വിദേശ പ്രതിനിധി സംഘം കൂടിയാണ്​ മന്ത്രി ലുൽവ അൽ റാഷിദിന്റെ നേതൃത്വത്തിലുള്ളത്​.

ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ കൗമാരക്കാരെ ആശ്വാസ വാക്കുകളിലൂടെ സാന്ത്വനിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന മന്ത്രിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഭാര്യയും രണ്ടു മക്കളും പേരമകനും ഉൾപ്പെടെ കുടുംബത്തെ നഷ്​ടമായ അൽ ജസീറ മാധ്യമപ്രവർത്തകൻ വാഇൽ ദഹ്​ദുഹിനെയും കുടുംബത്തെയും മന്ത്രി സന്ദർശിച്ചു. ഒക്​ടോബർ 25നായിരുന്നു നുസൈറതിലെ അഭയാർഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തിൽ വാഇലിന്റെ കുടുംബം കൊല്ലപ്പെട്ടത്​. അൽ ജസീറ അറബിക്​ ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവിയായ വാഇൽ യുദ്ധ വാർത്തകൾ നൽകുന്നതിനിടയിലായിരുന്നു കുടുംബം ആക്രമിക്കപ്പെട്ടത്​.

വാഇലിനെ സന്ദർശിച്ച മ​ന്ത്രി ലുൽവ അൽ ഖാതിർ വ്യക്​തിപരമായ നഷ്​ടങ്ങൾക്കിടയിലും ഗസ്സയിലെ ഇസ്രായേൽ ആക്രമണം ലോകത്തെ അറിയിക്കുന്ന അദ്ദേഹത്തിന്റെയും സംഘത്തിന്റെയും ധീരതയെ അഭിനന്ദിച്ചു. ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മരുന്നും ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടെ ഖത്തറിന്റെ നേതൃത്വത്തിൽ നൽകുന്ന സഹായ പ്രവർത്തനങ്ങളും അവർ വിലയിരുത്തി. മേഖലയിൽ ഇസ്രായേൽ കടുത്ത ആക്രമണം നടക്കുന്നതിനിടെ പത്തു ദിവസം മുമ്പും ലുൽവ അൽ ഖാതിർ ഈജിപ്തിലെ അൽ അരിഷും റഫ അതിർത്തിയും സന്ദർശിച്ചിരുന്നു.

നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭ്യമാവുന്ന സഹായങ്ങൾ ഗസ്സയുടെ ആവശ്യങ്ങൾക്ക് മതിയാവില്ലെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഖത്തറിന്റെ നേതൃത്വത്തിൽ കൂടുതൽ സഹായങ്ങൾ തുടരുമെന്നും ​നിലവിലെ വെടിനിർത്തൽ കൂടുതൽ ദിവസങ്ങളിലേക്ക് ദീർഘിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നതായും അവർ പറഞ്ഞു. ഗസ്സയിലെ ഖത്തർ അംബാസഡർ ഖാലിദ് അൽ ഹർദാൻ, ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ട്.

Post a Comment

Previous Post Next Post