(www.kl14onlinenews.com)
(05-NOV-2023)
ലോകകപ്പിൽ ഇനി ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല, സെമിയില്‍ എതിരാളികളാകുക പാകിസ്ഥാനോ ന്യൂസിലൻഡോ; സാധ്യതകള്‍ ഇങ്ങനെ
കൊല്‍ക്കത്ത: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് കശക്കിയെറിഞ്ഞതോടെ തുടര്‍ച്ചയായ എട്ടാം ജയവും 16 പോയന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാല്‍ പോലും ഇനി 12 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കോ 10 പോയന്‍റുള്ള മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കോ ഇന്ത്യയെ മറികടക്കാനാവില്ല.
അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയുടെ അവസാന ലീഗ് മത്സരം. ഇതില്‍ ജയിച്ചാലും ദക്ഷിണാഫ്രിക്കക്ക് പരമാവധി 14 പോയന്‍റേ നേടാനാവു. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ 12ന് ഇന്ത്യ നെതര്‍ലന്‍ഡ്സിനെ നേരിടും. ഇതിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 10 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ഇനി രണ്ട് കളികളുണ്ട്. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍. ഇതില്‍ രണ്ടിലും ജയിച്ചാലും പരമാവധി 14 പോയന്‍റേ അവര്‍ക്കും നേടാനാവു.
ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെ സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകും എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ 15ന് മുംബൈയിലാണ് ആദ്യ സെമി. നിലവിലെ സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയാണ് ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍.
ഈ മത്സരം ജയിച്ചാല്‍ ന്യൂസിലന്‍ഡ് നാലാം സ്ഥാനക്കാരായി സെമിയിലെത്തും. സെമിയില്‍ മുംബൈയില്‍ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലന്‍ഡ് എത്തുകയും ചെയ്യും. ഇംഗ്ലണ്ടാണ് അവസാന മത്സരത്തില്‍ പാകിസ്ഥാന്‍റെ എതിരാളികള്‍. ഇംഗ്ലണ്ടിനെതിരെ വെറും ജയം കൊണ്ട് പാകിസ്ഥാന് സെമിയിലെത്താനാവില്ല. റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് മുന്‍തൂക്കമുണഅടെന്നതിനാല്‍ ഇംഗ്ലണ്ടിനെതിരെ മികച്ച മാര്‍ജിനിലുള്ള ജത്തിനൊപ്പം ശ്രീലങ്കയോട് ന്യൂസിലന്‍ഡ് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ-പാക് സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങും.
അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ സെമി എതിരാളികളാവാന്‍ സാധ്യതയുളള മറ്റൊരു ടീം. എന്നാല്‍ അഫ്ഗാന് അവസാന രണ്ട് മത്സരങ്ങളില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയുമാണ് നേരിടേണ്ടത്. ഈ മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ നാലാം സ്ഥാനക്കാരായി അഫ്ഗാനും സെമിയിലെത്താന്‍ സാധ്യതയുണ്ട്. ഓസ്ട്രേലിയ ബംഗ്ലദേശിനെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്കക്കും അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കും 12 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും നാലാം സ്ഥാനക്കാരെ നിശ്ചയിക്കുക.
إرسال تعليق