(www.kl14onlinenews.com)
(23-NOV-2023)
വിശാഖപട്ടണം :ഏകദിന ലോകകപ്പ് കൈവിട്ടെങ്കിലും ഓസീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. നായകൻ സൂര്യകുമാർ യാദവ് (80) മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഇന്ത്യൻ യുവനിര ഒരു പന്ത് ബാക്കിനിൽക്കേ മറികടന്നു. 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സൂര്യകുമാർ യാദവിനു പുറമെ ഇന്ത്യൻ നിരയിൽ ഇഷാൻ കിഷനും (58) അർധ സെഞ്ചറി കണ്ടെത്തി. സ്കോർ: ഓസ്ട്രേലിയ – 20 ഓവറിൽ 3ന് 208. ഇന്ത്യ – 19.5 ഓവറിൽ 8ന് 209.
അവസാന ഓവറിൽ വിജയത്തിലേക്ക് ഏഴു റൺസ് വേണ്ടിയിരിക്കെ രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് ആശങ്ക നിറച്ചെങ്കിലും, അവസാന പന്തിൽ സിക്സറടിച്ച് റിങ്കു സിങ് ഇന്ത്യൻ വിജയം രാജകീയമാക്കി. അതേസമയം ഈ പന്ത് ഓവർസ്റ്റെപ്പ് ചെയ്തതിന് അംപയർ നോബോൾ വിളിച്ചതോടെ, റിങ്കുവിന്റെ സിക്സർ കൂടാതെ തന്നെ ഇന്ത്യ വിജയത്തിലെത്തി. ഈ സിക്സർ സ്കോർ ബോർഡിലും ചേർക്കില്ല. റിങ്കു സിങ് 14 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു. സൂര്യ 42 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതമാണ് 80 റൺസെടുത്തത്. ഇഷാൻ കിഷൻ 39 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം 58 റൺെസടുത്തും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 22 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ആദ്യ ഓവറിൽ വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. ഒരു പന്തുപോലും നേരിടാതെ താരം റണ്ണൗട്ടാവുകയായിരുന്നു. മാറ്റ് ഷോർട്ട് എറിഞ്ഞ മൂന്നാം ഓവറിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച് നൽകിയാണ് യശസ്വി ജയ്സ്‍വാൾ മടങ്ങിയത്. 8 പന്തിൽ രണ്ടുവീതം സിക്സും ഫോറും ഉള്‍പ്പെടെ 21 റൺസ് നേടിയാണ് താരം പുറത്തായത്.
മൂന്നാം വിക്കറ്റിലൊന്നിച്ച ഇഷാൻ കിഷനും നായകൻ സൂര്യകുമാർ യാദവും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 112 റൺസാണ് ഇന്ത്യൻ ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. 13–ാം ഓവറിൽ ഇഷാൻ കിഷനെ പുറത്താക്കി തൻവീർ സംഘയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 39 പന്തിൽ 5 സിക്സും 2 ഫോറും ഉൾപ്പെടെ 58 റൺസ് നേടിയ ഇഷാൻ കിഷൻ മാറ്റ് ഷോർട്ടിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ തിലക് വർമ 10 പന്തിൽ 12 റണ്‍സുമായി കൂടാരം കയറി. ഇത്തവണയും തൻവീർ സംഘയാണ് വിക്കറ്റ് നേടിയത്.
സ്കോർ 194ൽ നിൽക്കേ 80 റൺസെടുത്ത സൂര്യകുമാർ പുറത്തായി. 42 പന്തിൽ 4 സിക്സും 9 ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. അവസാന ഓവറിൽ അക്സർ പട്ടേൽ (2), രവി ബിഷ്ണോയ് (0), അർഷ്ദീപ് സിങ് (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ അവസാന പന്തിൽ സിക്സർ നേടിയ റിങ്കു സിങ് ഇന്ത്യയെ ജയത്തിലെത്തിച്ചു.
ഇൻഗ്ലിസ് കരുത്തിൽ ഓസീസ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. തകർത്തടിച്ച് സെഞ്ചറി നേടിയ ജോഷ് ഇൻഗ്ലിസിന്റെ പ്രകടനമാണ് ഓസീസ് ഇന്നിങ്സിലെ ഹൈലൈറ്റ്. ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അർധസെഞ്ചറി നേടി. 47 പന്തിൽ സെഞ്ചറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. 50 പന്തിൽ 110 റൺസെടുത്താണ് ഇൻഗ്ലിസ് പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിൽ ഇൻഗ്ലിസിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്. ഇന്ത്യയ്ക്കെതിരെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ ട്വന്റി20 സെഞ്ചറിയെന്ന നേട്ടവും ഇൻഗ്ലിസിനു സ്വന്തം. 46 പന്തിൽ സെഞ്ചറി നേടിയ ഡേവിഡ് മില്ലറാണ് ഒന്നാമത്.
രണ്ടാം വിക്കറ്റിൽ ജോഷ് ഇൻഗ്ലിസ് – സ്റ്റീവ് സ്മിത്ത് സഖ്യം പടുത്തുയർത്തിയ തകർപ്പൻ സെഞ്ചറി കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. വെറും 67 പന്തിൽ ഇരുവരും ചേർന്ന് ഓസീസ് സ്കോർ ബോർഡിൽ ചേർത്തത് 130 റൺസാണ്. 47 പന്തിലാണ് ഇൻഗ്ലിസ് സെഞ്ചറിയിലെത്തിയത്. ഒൻപതു ഫോറും എട്ടു സിക്സറും സഹിതമായിരുന്നു ഇത്. ആകെ 50 പന്തുകൾ നേരിട്ട ഇൻഗ്ലിസ് 11 ഫോറും 8 സിക്സും സഹിതമാണ് 110 റൺസെടുത്തത്. സ്മിത്ത് 41 പന്തിൽ എട്ടു ഫോറുകളോടെ 52 റൺസെടുത്ത് റണ്ണൗട്ടായി.
ഓപ്പണർ മാത്യു ഷോർട്ട് 11 പന്തിൽ മൂന്നു ഫോറുകൾ സഹിതം 13 റൺസെടുത്തു. ടിം ഡേവിഡ് 13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസോടെയും മാർക്കസ് സ്റ്റോയ്നിസ് ആറു പന്തിൽ ഏഴു റൺസോെടയും പുറത്താകാതെ നിന്നു. അവസാന ഓവറിൽ നോബോൾ ഉൾപ്പെടെ എറിഞ്ഞെങ്കിലും അഞ്ച് റൺസ് മാത്രം വഴങ്ങിയ മുകേഷ് കുമാറിന്റെ ബോളിങ് ശ്രദ്ധേയമായി. മുകേഷ് നാല് ഓവറിൽ ആകെ വഴങ്ങിയത് 29 റൺസ്. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 54 റൺസാണ്. ഒരു വിക്കറ്റ് സ്വന്തമാക്കിയ പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 50 റൺസും വഴങ്ങി. അക്ഷർ പട്ടേൽ നാല് ഓവറിൽ 32 റൺസ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. അർഷ്ദീപ് സിങ് നാല് ഓവറിൽ വഴങ്ങിയത് 41 റൺസ്.
ഈ വർഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന 14–ാമത്തെ രാജ്യാന്തര മത്സരമാണിത്. 5 ടെസ്റ്റുകളിലും 8 ഏകദിനങ്ങളിലും ഇതുവരെ ഇരുടീമുകളും ഏറ്റുമുട്ടി. അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ തുടക്കമാണ് ഇന്ത്യയ്ക്ക് ഈ പരമ്പര. ഐപിഎലിനു മുൻപായി 11 ട്വന്റി20 മത്സരങ്ങൾ ഇന്ത്യ കളിക്കും.
Post a Comment