സഞ്ജു, ചാഹൽ ഔട്ട്‌! ഓസീസിനെതിരെ ടി-20 ടീമിനെ സൂര്യകുമാര്‍ നയിക്കും

(www.kl14onlinenews.com)
(21-NOV-2023)

സഞ്ജു, ചാഹൽ ഔട്ട്‌! ഓസീസിനെതിരെ ടി-20 ടീമിനെ സൂര്യകുമാര്‍ നയിക്കും
ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അതേസമയം സഞ്ജു സാംസണെ ഇത്തവണയും തഴഞ്ഞു. തിരുവനന്തപുരത്ത് അടക്കം മത്സരം നടക്കാനിരിക്കെ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. നവംബര്‍ 23 ന് വിശാഖപട്ടണത്തെ ഡോ. വൈഎസ് രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

ഇന്ത്യന്‍ ടീമിന്റെ നായകനായി സൂര്യകുമാറിന്റെ ആദ്യ നിയമനമാണിത്. ഇന്ത്യയുടെ ടി 20 ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പിനിടെ പരിക്കേറ്റതോടെയാണ് സൂര്യകുമാറിന് നറുക്കുവീണത്. ടി 20ല്‍ ഐസിസിയുടെ ഒന്നാം നമ്പര്‍ താരമാണ് സൂര്യകുമാര്‍.

ഈ വര്‍ഷമാദ്യം അയര്‍ലന്‍ഡ് പര്യടനത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച യുവ ഇടംകയ്യന്‍ റിങ്കു സിംഗിനെ ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിച്ചു. തിലക് വര്‍മ്മ, യശവ്സി ജയ്സ്വാള്‍ എന്നിവരും ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന ശ്രേയസ് അയ്യര്‍ മൂന്നാം ടി20ക്ക് ശേഷം ടീമില്‍ ചേരും. താരം ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ആദ്യ രണ്ട് ടി20യില്‍ റുതുരാജ് ഗെയ്ക്വാദാണ് വൈസ് ക്യാപ്റ്റന്‍. അതേസമയം യുസവേന്ദ്ര ചാഹലിന് ടീമിലിടം പിടിക്കാനായില്ല.

നവംബര്‍ 26, 28, ഡിസംബര്‍ 1, 3 തീയതികളില്‍ യഥാക്രമം തിരുവനന്തപുരം, ഗുവാഹത്തി, നാഗ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റ് നാല് മത്സരങ്ങള്‍. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങളുടെ ഭാഗമാണ് ഈ പരമ്പര.

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ (WK), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍ (അവസാന രണ്ട് ടി20 മത്സരങ്ങളില്‍).

Post a Comment

Previous Post Next Post