കേരള പൊലിസിന്റെ പുതിയ ബാച്ചിൽ 136 ബി.ടെക്കുകാരും 8 എം.ടെക്കുകാരും

(www.kl14onlinenews.com)
(01-NOV-2023)

കേരള പൊലിസിന്റെ പുതിയ ബാച്ചിൽ 136 ബി.ടെക്കുകാരും 8 എം.ടെക്കുകാരും
തിരുവനന്തപുരം: കേരള പൊലിസിൽ പുതിയതായി നിയമനം ലഭിച്ചവരിൽ എട്ട് പേർ എം.ടെക്ക് ബിരുദധാരികളും 14 പേർ എംബിഎ ബിരുദധാരികളുമെന്ന് റിപ്പോർട്ട്. ആകെയുള്ള 1272 പേരിൽ ബി.ടെക്ക് യോഗ്യതയുള്ളവർ 136 പേരാണ്. 635 ബിരുദധാരികളും, പ്ലസ് ടു അല്ലെങ്കിൽ സമാന യോഗ്യതയുള്ള 245 പേരും പരിശീലനത്തിനുണ്ട്. പുതിയ ബാച്ചിൽ 197 വനിതകളും ഉൾപ്പെടുന്നുണ്ട്. 2066 പേരുടെ പരിശീലനം ആഗസ്റ്റ് 17ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിരുന്നു.

കേരള പൊലിസിൽ പുതിയതായി നിയമനം ലഭിച്ച 1272 പൊലിസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കേരളപ്പിറവി ദിനത്തിലാണ് ആരംഭിച്ചത്. തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് പുതിയ ബാച്ചിന്റെ പരിശീലന ക്ലാസുകൾ ഉദ്ഘാടനം ചെയ്തത്. മലബാർ സ്പെഷ്യൽ പൊലിസ്, കേരള ആംഡ് പൊലിസിന്റെ വിവിധ ബറ്റാലിയനുകൾ, എസ് എ പി, ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള പൊലിസ് അക്കാദമി തുടങ്ങി 9 കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിച്ചത്.

എഡിജിപി എം ആർ അജിത്ത് കുമാർ, ഡിഐജി രാഹുൽ ആർ നായർ, ബറ്റാലിയൻ ആസ്ഥാനത്തെ കമാൻഡന്റ് ജി ജയദേവ്, എസ്എപി കമാൻഡന്റ് എൽ സോളമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരള പൊലിസ് അക്കാദമി ഡയറക്ടർ ഗോപേഷ് അഗർവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി സംബന്ധിച്ചു. പരിശീലനാർത്ഥികൾ ഓൺലൈനായാണ് 9 കേന്ദ്രങ്ങളിൽ നിന്ന് പങ്കെടുത്തത്.

Post a Comment

أحدث أقدم