ജയിച്ചു തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, 100% പ്രഫഷണല്‍; ഫൈനലില്‍ ഓസീസിനെതിരെ ഇന്ത്യ ഭയക്കുന്നത്

(www.kl14onlinenews.com)
(17-NOV-2023)

ജയിച്ചു തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, 100% പ്രഫഷണല്‍; ഫൈനലില്‍ ഓസീസിനെതിരെ ഇന്ത്യ ഭയക്കുന്നത്
അഹമ്മദാബാദ്: ഒരു മാസം മുന്‍പ് പോയിന്‍റുപട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു ഓസ്ട്രേലിയ; എന്നാൽ ഫൈനലിലേക്ക് കങ്കാരുപ്പട എത്തുന്നത് ചാംപ്യൻ ടീമുകളുടെ ശൈലിയിലാണ്. ഒക്ടോബര്‍ പതിനഞ്ചിന് ദക്ഷിണാഫ്രിക്കയോട് തോൽക്കുമ്പോള്‍ ഓസ്ട്രേലിയൻ ടീമിന് ചരമക്കുറിപ്പെഴുതാൻ തിടുക്കപ്പെട്ടു പലരും. എന്നാൽ കങ്കാരുക്കൾ മൈറ്റി ഓസീസാകാൻ അധികം സമയം വേണ്ടിവന്നില്ല.

ശ്രീലങ്കയോടും പാകിസ്ഥാനോടും ജയിച്ച ട്രാക്കിലായ കമ്മിൻസും കൂട്ടരും കലിപ്പ് തീര്‍ത്തത് നെതര്‍ലൻഡ്സിനെതിരെ. 309 റണ്‍സെന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം. പിന്നീട് വന്നവ‍ർക്കും ഓസീസിനെ പിടിച്ചുകെട്ടാനായില്ല. അഫ്ഗാനിസ്ഥാൻ ചരിത്രം കുറിക്കുമെന്ന് തോന്നിച്ചെങ്കിലും മാക്സ്‍വെല്ലിന്‍റെ ഡബിൾബാരൽ ഓസീസിനെ അവിശ്വസനീയമായി രക്ഷിച്ചു.

സെമിയിൽ വിറച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ മറികടന്ന് തുടര്‍ച്ചയായ എട്ടാം ജയത്തോടെ ഫൈനലിലേക്ക്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്ലെന്ന് പരാതിപ്പെട്ടവ ര്‍ക്ക് സെമിയിൽ മറുപടി നൽകി ക്യാപ്റ്റൻ നയിക്കുന്ന ബൗളിംഗ് നിര. പ്രഫഷണലിസം എന്തെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കിയാണ് പാറ്റ് കമ്മിൻൻസും സംഘവും കിരീടപ്പോരിന് ഇറങ്ങുന്നത്. വ്യക്തിഗത മികവും ടീം മികവും കൂടിചേരുമ്പോൾ ഓസീസ് തകർക്കാൻ പറ്റാത്ത വിശ്വാസ്യതമായി മാറുന്നു.

ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം എതാണെന്ന ചോദ്യത്തിനും ഓസ്ട്രേലിയ എന്ന ഒറ്റ ഉത്തരമേയുള്ളു. എട്ടാം തവണയാണ് ഓസീസ് ഫൈനലിലെത്തുന്നത്. അതില്‍ അഞ്ചുതവണ കിരീടം സ്വന്തമാക്കി മടക്കം. 1987, 99, 2003, 2007, 2015 വര്‍ഷങ്ങളിലായിരുന്നു ഓസ്‌ട്രേലിയ ലോകകപ്പ് തേരോട്ടം. 1983ലും 2011ലും കപ്പുയര്‍ത്തിയ ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണയാണ്.

2003 ലോകകപ്പ് ഫൈനലിന്‍റെ ഓർ‍മ്മപ്പെടുത്തലാണ് ഇത്തവണത്തെ കലാശപ്പോരാട്ടം. തുടര്‍ച്ചയായി എട്ട് കളി ജയിച്ചുവന്ന ഇന്ത്യയെ ഫൈനലില്‍ തോൽപ്പിച്ച് പതിനൊന്നാം ജയത്തോടെ ഓസ്ട്രേലിയ മൂന്നാം ലോകകപ്പ് സ്വന്തമാക്കി. ഇത്തവണ എട്ട് തുടര്‍ജയങ്ങളുമായി വരുന്ന ഓസ്ട്രേലിയയയെ വീഴ്ത്തി തുടര്‍ച്ചയായ 11ആം ജയവും മൂന്നാം ലോകകപ്പും നേടി കടം വീട്ടുമോ ടീം ഇന്ത്യയെന്നാണ് ആാരാധകര്‍ ഉറ്റുനോക്കുന്നത്.

Post a Comment

Previous Post Next Post