വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്ന ഭാരത് ജോഡോ; ഒന്നാം വാർഷികത്തിൽ പദയാത്രയുമായി കോൺ​ഗ്രസ്

(www.kl14onlinenews.com)
(07-Sep-2023)

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്ന ഭാരത് ജോഡോ; ഒന്നാം വാർഷികത്തിൽ പദയാത്രയുമായി കോൺ​ഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് ഒന്നാംവാർഷികം. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഡിസിസികളുടെ നേതൃത്വത്തിൽ പദയാത്രകളും പൊതുയോ​ഗങ്ങളും സംഘടിപ്പിക്കും. കേരളത്തിലെ 14 ജില്ലകളിലും കോൺഗ്രസ് കമ്മിറ്റികൾക്ക് കീഴിൽ പദയാത്രകളും പൊതുയോഗങ്ങളും വ്യാഴാഴ്ച നടക്കും. പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവഹിക്കും.

രാജ്യത്തെ 722 ജില്ലകളിൽ പദയാത്ര സംഘടിപ്പിക്കുമെന്ന് നേരത്തെ കെ സി വേണു​ഗോപാൽ അറിയിച്ചിരുന്നു. ഭാരത് ജോഡോ യാത്ര രാജ്യത്തിനും പാർട്ടി പ്രവർത്തകർക്കും നവോന്മേഷം പകർന്ന പരിപാടിയായിരുന്നു. ‘വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാം’ എന്ന ​സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് പദയാത്രയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞിരുന്നു.

കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എറണാകുളത്ത് പദയാത്ര നടത്തും. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല എംഎൽഎ പദയാത്ര ഉദ്ഘാടനം ചെയ്യും. ആശാൻ സ്‌ക്വയർ മുതൽ ഗാന്ധി പാർക്ക് ഗ്രൗണ്ട് വരെയുള്ള പദയാത്രയിൽ അദ്ദേഹം പങ്കെടുക്കും.

കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി കൊല്ലം ജില്ലയിൽ പദയാത്ര നടത്തും. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ആലപ്പുഴയിലും ആന്റോ ആന്റണി എംപി പത്തനംതിട്ടയിലും ബെന്നി ബെഹന്നാൻ എംപി കോട്ടയത്തും ഡീൻ കുര്യാക്കോസ് എംപി ഇടുക്കിയിലും പദയാത്ര സംഘടിപ്പിക്കും. ബാക്കിയുള്ള ജില്ലകളിലെ പദയാത്രകളിൽ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.

ജയ്പൂരിൽ നടന്ന കോൺ​ഗ്രസിന്റെ ചിന്തൻ ശിബിറായിരുന്നു ജനങ്ങളെ അറിയാൻ കന്യാകുമാരി മുതൽ കശ്മീർ വരെയുളള യാത്രയ്ക്ക് രാഹുൽ ​ഗാന്ധിയേയും നേതാക്കന്മാരേയും പ്രേരിപ്പിച്ചത്. ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടി സഹപ്രവർത്തകൻ ദിഗ്‌വിജയ് സിങ് എന്നിവരായിരുന്നു യാത്രയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രം.

2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ശ്രീപെരുമ്പത്തൂരിൽ നിന്ന് പദയാത്രയായി തുടങ്ങിയ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ജനങ്ങൾ നൽകിയത്. യാത്രയിലുടനീളം 12 പൊതുയോ​ഗങ്ങൾ, 13 വാർത്താസമ്മേളനങ്ങൾ, 275 ൽപരം ആസൂത്രിതമായ പ്രത്യേക കൂടിക്കാഴ്ചകളും രാഹുൽ ​ഗാന്ധി നടത്തിയിരുന്നു.

2023 ജനുവരി 30ന് ശ്രീന​ഗറിൽ 145-ാം ദിവസമാണ് രാഹുൽ ​ഗാന്ധി തന്റെ യാത്ര അവസാനിപ്പിച്ചത്. 'ഞാൻ യാത്ര നടത്തിയത് എനിക്കോ, പാർട്ടിക്കോ വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ അടിത്തറ തകർക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിലനിൽക്കലാണ് ഞങ്ങളുടെ ലക്ഷ്യം,' ഭാരത് ജോഡോയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. ശ്രീന​ഗറിലെ ഷേർ-ഇ- ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഭാരത് ജോഡോയുടെ സമാപന സമ്മേളനം.

ഭാരത് ജോഡോ യാത്ര രാഹുൽ ​ഗാന്ധിയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ചുവെന്ന് പല വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് രാഹുൽ ​ഗാന്ധിയുടെ പ്രതിച്ഛായ മാറ്റം യാത്രയുടെ പ്രതിഫലനമാണെന്നും ജയറാം രമേശ് അന്ന് പറഞ്ഞിരുന്നു. യാത്രയിൽ നിന്ന് കോൺഗ്രസ് വൻ നേട്ടമുണ്ടാക്കി. യാത്രയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺ​ഗ്രസ് വിജയിച്ചെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

4,000 കിലോമീറ്ററിലധികം താണ്ടിയ രാഹുലിന്റെ യാത്രയിൽ സാമൂഹിക, സാംസ്കാരിക, കലാ രം​ഗത്തുളള നിരവധി പ്രമുഖരാണ് പങ്കെടുത്തിരുന്നത്. കമൽഹാസൻ, പൂജാ ഭട്ട്, റിയ സെൻ, സ്വര ഭാസ്‌കർ, രഷാമി ദേശായി, ആകാംക്ഷ പുരി, അമോൽ പലേക്കർ തുടങ്ങിയ നിരവധി പേർ യാത്രയിൽ രാഹുലിനൊപ്പം ചേർന്നിരുന്നു

Post a Comment

Previous Post Next Post