(www.kl14onlinenews.com)
(12-Sep-2023)
കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരിൽ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ വ്യക്തികളുടെ പട്ടിക തയാറാക്കി. പ്രാഥമിക സമ്പർക്കത്തിലുള്ള 75 പേരുടെ പട്ടികയാണ് തയാറാക്കിയത്. അതേസമയം, പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് വൈകീട്ടോടെ സാംപിൾ പരിശോധന ഫലം വന്നാൽ മാത്രമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
സാഹചര്യം വിശകലനം ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോഴിക്കോട് കലക്ടറേറ്റിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നു.
മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവിൽ പനി ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ വെന്‍റിലേറ്ററിലുള്ള ഒമ്പതു വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. മറ്റാരുടെയും നില ഗുരുതരമല്ല.
നിപ സംശയിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കും. തുടർ പ്രവർത്തനങ്ങൾക്കായി 16 കമ്മിറ്റികൾ രൂപവത്കരിച്ച് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ഇന്ന് വൈകീട്ട് മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും.
ആഗസ്റ്റ് 30നും സെപ്റ്റംബർ 11നുമായാണ് രണ്ട് പേർ അസ്വാഭാവിക പനി ബാധിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കൾക്ക് കൂടി പനി ബാധിച്ചതോടെയാണ് നിപയാണോയെന്ന സംശയം ഉയർന്നത്. മുൻകാലങ്ങളിൽ നിപ ബാധയുണ്ടായപ്പോൾ സ്വീകരിച്ച പ്രോട്ടോകോൾ അനുസരിച്ചുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
Post a Comment