മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു

(www.kl14onlinenews.com)
(06-Sep-2023)

മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലജന്റെ അടുത്ത ബന്ധുവായ സുനില്‍കുമാറിനെയും സഹോദരന്‍ സാബുവിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ബന്ധുവിന്റെ സംസ്‌കാരചടങ്ങിനെത്തിയതായിരുന്നു ഇവര്‍. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ജലജനും സുനില്‍ കുമാറും സാബുവുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പടെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

പൊലീസെത്തി ജലജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം മുങ്ങിയ സഹോദരന്മാരില്‍ സുനിര്‍കുമാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ സാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറച്ചുകാലമായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായി നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. പാറമുകളില്‍ വൃദ്ധസദനം നടത്തി വരികയായിരുന്നു ജലജന്‍.

Post a Comment

Previous Post Next Post