ഇൻഡോറിൽ അടിയുടെ പൂരം!ഗില്ലിനും ശ്രേയസിനും സെഞ്ചുറി;ഓസ്ട്രേലിയയ്ക്ക് 400 റൺസ് വിജയലക്ഷ്യം

(www.kl14onlinenews.com)
(23-Sep-2023)

ഇൻഡോറിൽ അടിയുടെ പൂരം!ഗില്ലിനും ശ്രേയസിനും സെഞ്ചുറി;ഓസ്ട്രേലിയയ്ക്ക് 400 റൺസ് വിജയലക്ഷ്യം
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ശുഭ്മാന്‍ ഗില്‍ (104), ശ്രേയസ് അയ്യര്‍ (104) എന്നിവര്‍ സെഞ്ചുറി നേടിയപ്പോല്‍ ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (52), സൂര്യകുമാര്‍ യാദവ് (37 പന്തില്‍ പുറത്താവാതെ 72) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. ഓസീസിന് വേണ്ടി കാമറൂണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

ടോസ് നേടി ബൗളിംഗെടുക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിച്ചാണ് ഓസീസ് തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ റുതുരാജ് ഗെയ്കവാദിനെ (8) ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളിലേക്കയച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്‍ - ശ്രേയസ് സഖ്യം 200 റണ്‍സ് കൂട്ടിചേര്‍ത്തു. പരിക്കില്‍ മോചിതനായി ടീമിലെത്തിയ ശ്രേയസ് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കി. 90 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറും നേടി. എന്നാല്‍ അബോട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി ശ്രേയസ് മടങ്ങി. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഗില്‍ തന്റെ ആറാം സെഞ്ചുറിയും പൂര്‍ത്തിയാക്കി. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഗില്‍ ഗ്രീനിന് വിക്കറ്റ് നല്‍കി ഗില്‍ മടങ്ങി. താരത്തിന്റെ ഇന്നിംഗ്‌സില്‍ നാല് സിക്സും ആറ് ഫോറുമുണ്ടായിരുന്നു.

അഞ്ചാമനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ (18 പന്തില്‍ 31) നിര്‍ണായക സംഭാവന നല്‍കി. രാഹുലിനൊപ്പം 59 റണ്‍സ് ചേര്‍ക്കാന്‍ ഇഷാനായി. എന്നാല്‍ ഇഷാനെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ സൂര്യകുമാറും ബൗളര്‍മാരെ വെറുതെ വിട്ടില്ല. രാഹുലിനൊപ്പം 59 റണ്‍സ് കൂട്ടിചേര്‍ക്കാനും സൂര്യക്കായി. രാഹുലിനെ സാംപ ബൗള്‍ഡാക്കി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയെ () കൂട്ടുപിടിച്ച് സൂര്യ സ്‌കോര്‍ 400ന് അടുത്തെത്തിച്ചു.

നേരത്തെ, ഓസീസും ടീമില്‍ മാറ്റം വരുത്തിയിരുന്നു. പാറ്റ് കമ്മിന്‍സിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിന്‍സിന് പുറമെ അവസാന മത്സരം കളിച്ച മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്് എന്നിവര്‍ ഓസീസ് നിരയിലില്ല. അലക്സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തി.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്, സ്പെന്‍സര്‍ ജോണ്‍സണ്‍.

Post a Comment

Previous Post Next Post