(www.kl14onlinenews.com)
(23-Sep-2023)
കാസർകോട് :കുണ്ടംകുഴിയില്‍ പ്രസംഗത്തിനിടെ അനൗൺസ്‌മെന്‍റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയിൽ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ അനൗൺസ്മെന്‍റ് വന്നപ്പോൾ ആ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ഒരാൾ ശരിയല്ലാത്തത് ചെയ്താൽ അത് പറയുക എന്നത് എന്റെ ബാധ്യതയാണ്. മാധ്യമങ്ങളിങ്ങനെ വാർത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല. വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാൽ ജനങ്ങൾക്കിടയിൽ അത്തരമൊരു ചിത്രമുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പനയാൽ ലോക്കൽ കമ്മിറ്റി കെട്ടിടോദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
കാസർഗോഡ് ബേഡഡുക്ക കുണ്ടംകുഴിയിൽ സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.
സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ ശ്രമിക്കുന്നുവെന്ന് പ്രസംഗം പാതിയിൽ നിർത്തുന്നതിന് മുൻപ് മുഖ്യമന്ത്രി പറഞ്ഞു. ചില പുഴുക്കുത്തുകൾ ചിലയിടങ്ങളിൽ ഉണ്ടാവാം. അഴിമതി മാർഗം സ്വീകരിച്ചവർക്കെതിരെ കർശന നടപടിയാണ് സർക്കാർ എടുത്തത്. വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിക്കുന്നുവെന്നും സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Post a Comment