മന്ത്രിസഭാ പുനഃസംഘടന എല്‍ഡിഎഫില്‍ ഇപ്പോള്‍ ചര്‍ച്ചയിലില്ല; നേരത്തെ എടുത്ത തീരുമാനം നടപ്പാക്കും:മുഖ്യമന്ത്രി

(www.kl14onlinenews.com)
(19-Sep-2023)

മന്ത്രിസഭാ പുനഃസംഘടന എല്‍ഡിഎഫില്‍ ഇപ്പോള്‍ ചര്‍ച്ചയിലില്ല; നേരത്തെ എടുത്ത തീരുമാനം നടപ്പാക്കും:മുഖ്യമന്ത്രി
തിരുവനന്തപുരം :
മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മാധ്യമങ്ങളെ കാണാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്നും ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബ്ദത്തിന് ചില പ്രശ്‌നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്‌നമായി. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാല്‍ താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം നവംബര്‍ 20ന് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകള്‍ സജീവമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകൾഉണ്ടായിരുന്നു. മുന്‍ധാരണ അനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും രണ്ടര വര്‍ഷം പൂര്‍ത്തിയാവുന്നതോടെ മന്ത്രിസ്ഥാനം ഒഴിയണം. കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പകരം എത്തേണ്ടത്. അടുത്തയാഴ്ച ചേരുന്ന നേതൃയോഗങ്ങള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയേക്കും.

അതേസമയം ഗതാഗത വകുപ്പ് ഏറ്റെടുക്കുന്നതില്‍ ഗണേഷ് കുമാര്‍ സിപിഎം നേതൃത്വത്തെ വിമുഖത അറിയിച്ചെന്നാണ് സൂചന. ഇതോടെ എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനാകും സാധ്യത. എന്നാല്‍ സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം ആദ്യ സര്‍ക്കാരിനോളം മികച്ചതല്ലെന്ന വിമര്‍ശനം വ്യപകമാകുന്നതിനിടെയാണ് പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാകുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്ഥാന മാറ്റത്തെ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീണയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി സ്പീക്കറാക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

Post a Comment

Previous Post Next Post