പ്രാധാന്യമുളള വിഷയങ്ങളില്‍ ശ്രദ്ധിക്കൂ; ഇന്ത്യ- ഭാരത് പേരുമാറ്റ തര്‍ക്കത്തില്‍ ഉപദേശവുമായി ചൈന

(www.kl14onlinenews.com)
(07-Sep-2023)

പ്രാധാന്യമുളള വിഷയങ്ങളില്‍ ശ്രദ്ധിക്കൂ; ഇന്ത്യ- ഭാരത് പേരുമാറ്റ തര്‍ക്കത്തില്‍ ഉപദേശവുമായി ചൈന
ഡൽഹി :
ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള കാര്യങ്ങളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആഗ്രഹിക്കുന്നതായി ചൈന പറഞ്ഞു. ഇന്ത്യയ്ക്ക് അതിന്റെ സാമ്പത്തിക വ്യവസ്ഥയെ സമഗ്രമായി പരിഷ്‌കരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനമെന്നും ചൈന, അതിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലൂടെ പറഞ്ഞു. വിപ്ലവകരമായ പരിഷ്‌കാരങ്ങളില്ലാതെ ഇന്ത്യക്ക് വിപ്ലവകരമായ വികസനം കൈവരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി 20 അത്താഴ വിരുന്നിനുളള ക്ഷണക്കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നതിന് പകരം 'ഭാരതത്തിന്റെ രാഷ്ട്രപതി' എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പേരുമാറ്റ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

'ഇന്ത്യയ്ക്ക്, വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യത നന്നായി ഉപയോഗിക്കാനും ഈ സ്വാധീനം അതിന്റെ വളര്‍ച്ചയ്ക്കായി മാറ്റാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' ചൈന പറഞ്ഞു. വരാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത്, ന്യൂ ഡല്‍ഹി ലോകത്തോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും ചൈന ചോദിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ പേരുകളെ ഇല്ലാതാക്കാനുളള ശ്രമമാണ് ഈ പേരുമാറ്റമെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.

'1991 ലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷം നിരവധി പദ്ധതികളുമായി ഇന്ത്യയില്‍ നിലവില്‍ വന്ന ഏറ്റവും വലിയ സര്‍ക്കാരാണ് മോദി സര്‍ക്കാര്‍. നിര്‍ഭാഗ്യവശാല്‍, ഇന്ത്യ ഇപ്പോള്‍ വ്യാപാര സംരക്ഷണവാദത്തിലേക്ക് (ട്രേഡ് പ്രൊട്ടക്ഷണലിസം) മാറിക്കൊണ്ടിരിക്കുകയാണ്' റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ പേര് മാറ്റണമോ എന്നതിനെക്കാള്‍ പ്രധാനമാണ് ഇവയെല്ലാമെന്നും ചൈന നിര്‍ദ്ദേശിച്ചു.

ചൈനീസ് കമ്പനികള്‍ക്കെതിരായ ഇന്ത്യയുടെ സമീപകാല നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 'പൂര്‍ണ്ണമായി വിപണികള്‍ തുറന്നുകൊടുക്കുന്നതില്‍ ഇന്ത്യയുടെ മടി മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ 1947 ന് ശേഷമുള്ള ചരിത്രം നമ്മോട് പറയുന്നത് എപ്പോഴെല്ലാം ഇന്ത്യ സാമ്പത്തിക പരിഷ്‌കരണവും ഉദാരവല്‍ക്കരണവും പ്രോത്സാഹിപ്പിച്ചുവോ അത് സാമ്പത്തിക വളര്‍ച്ചയെ പ്രചോദിപ്പിക്കും'

'ഇന്ത്യ അതിന്റെ സമ്പദ്വ്യവസ്ഥയെ പരിഷ്‌കരിക്കുന്നതിനും വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് നല്ല ബിസിനസ്സ് അന്തരീക്ഷം ഒരുക്കുന്നതിനുമായി ഈ ജി 20 പ്രസിഡന്‍സി ഉപയോഗിക്കണം' ചൈന നിര്‍ദ്ദേശിച്ചു.

Post a Comment

Previous Post Next Post