(www.kl14onlinenews.com)
(19-Sep-2023)
2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വോട്ടർമാരെ കബളിപ്പിക്കുന്നു: വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷം
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ലോക്‌സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും രംഗത്ത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ വോട്ടർമാരെ കബളിപ്പിക്കാനാണ് ബില്ലെന്ന് എഎപി മന്ത്രി അതിഷി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. അതേസമയം നിർദിഷ്ട നിയമനിർമ്മാണത്തിന്റെ പ്രയോജനം സ്ത്രീകൾക്ക് ഉടൻ ലഭിക്കില്ലെന്ന് കോൺഗ്രസും പറഞ്ഞു.
ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. ഈ നീക്കത്തെ രാഷ്ട്രീയ നിരവധി പാർട്ടികൾ സ്വാഗതം ചെയ്തപ്പോൾ, ബില്ലിലെ അതിർത്തി നിർണയവും സെൻസസ് എടുക്കലും പലരും ചോദ്യം ചെയ്തു. 2026-ന് ശേഷം ആദ്യ സെൻസസിന് നടത്തി, അതിർത്തി പുനർ നിർണയത്തിന് ശേഷമേ ബിൽ പ്രാബല്യത്തിൽ വരികയുള്ളൂ.
“ഈ ബിൽ ഇന്ന് അവതരിപ്പിച്ചതാണ്, എന്നാൽ നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് അതിന്റെ ഗുണം ഉടൻ ലഭിക്കുമെന്ന് തോന്നുന്നില്ല, ഈ സെൻസസ് എപ്പോൾ നടത്തുമെന്ന് ഒരു വിവരവുമില്ല"- കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ് പറഞ്ഞു,
പാർലമെന്റിൽ ബില്ലിനെ എഎപി പിന്തുണയ്ക്കുമോ എതിർക്കുമോ എന്ന ചോദ്യത്തിന്, അതിഷി ഇന്ത്യാ ടുഡേ ടിവിയ്ക്ക് മറുപടി നൽകി. “2024 ലെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സംവരണം ലഭിക്കുമോ ഇല്ലയോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. 2024-ൽ സംവരണം നൽകാൻ പോകുന്നില്ലെങ്കിൽ, ഈ ബിൽ സ്ത്രീകളെ കബളിപ്പിക്കാനുള്ള ബില്ലാണ്. ഈ ബില്ലിൽ സെൻസസ് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? ഈ ബില്ലിൽ അതിർത്തി നിർണയം ചേർക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു ?
നിർദിഷ്ട നിയമനിർമ്മാണത്തിൽ സർക്കാർ ഭേദഗതി വരുത്തണമെന്നും 2024ലെ തിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകണമെന്നുമാണ് എഎപിയുടെ ആവശ്യം"- അതിഷി വ്യക്തമാക്കി.
“വനിതാ സംവരണത്തെ എഎപി പിന്തുണയ്ക്കുന്നു. എന്നാൽ ഈ ബിൽ തികച്ചും കാപട്യമാണ്. സ്ത്രീകളെ കബളിപ്പിക്കാനുള്ള മാർഗമാണ്. ബ്രിജ് ഭൂഷന്റെ പാർട്ടിയാണ് ബിജെപി, സ്ത്രീകളെ ബിജെപി കബളിപ്പിക്കുകയാണ്,” വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയെ പരാമർശിച്ച് അതിഷി കൂട്ടിച്ചേർത്തു.
അതേസമയം, നിർദ്ദിഷ്ട നിയമനിർമ്മാണത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും രംഗത്ത് വന്നു. മുസ്ലീം സ്ത്രീകൾക്ക് സംവരണം നൽകാത്ത ഈ ബിൽ ഒരു വലിയ പോരായ്മയാണെന്ന് പറഞ്ഞു.
"നിങ്ങൾ ആർക്കാണ് പ്രാതിനിധ്യം നൽകുന്നത്? പ്രാതിനിധ്യമില്ലാത്തവർക്ക് പ്രാതിനിധ്യം നൽകണം. ഈ ബില്ലിലെ പ്രധാന പോരായ്മയാണ് മുസ്ലീം സ്ത്രീകൾക്ക് പ്രാതിനിധ്യമില്ലാത്തത്, അതിനാൽ ഞങ്ങൾ ഇതിനെ എതിർക്കുന്നു." അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.
ബില്ലിൽ ലിംഗനീതിയുടെയും സാമൂഹിക നീതിയുടെയും സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പറഞ്ഞു.
“ഈ ബില്ലിൽ, പിന്നാക്ക, ദളിത്, ന്യൂനപക്ഷ, ഗോത്രവർഗ (പിഡിഎ) സ്ത്രീകൾക്കുള്ള സംവരണം കൃത്യമായ ശതമാനം രൂപത്തിൽ വ്യക്തമായി പറയണം.” അഖിലേഷ് യാദവ് വ്യക്തമാക്കി.
Post a Comment