ഇന്ത്യ-ഭാരത് വിവാദം അദാനി വിഷയം വഴിതിരിച്ച് വിടാനുള്ള മോദിയുടെ തന്ത്രം: രാഹുല്‍ ഗാന്ധി

(www.kl14onlinenews.com)
(09-Sep-2023)

ഇന്ത്യ-ഭാരത് വിവാദം അദാനി വിഷയം വഴിതിരിച്ച് വിടാനുള്ള മോദിയുടെ തന്ത്രം: രാഹുല്‍ ഗാന്ധി
ഡൽഹി :
ഇന്ത്യ-ഭാരത് വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ ബ്രസല്‍സില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ വാക്കുകള്‍.

“നമ്മുടെ ഭരണഘടനയിൽ ഉള്ള പേരുകളിൽ ഞാൻ തികച്ചും സന്തുഷ്ടനാണ്. ഇന്ത്യ, അതായത് ഭാരതം, എനിക്കതില്‍ വളരെ ചേരുന്നതായാണ് തോന്നിയിട്ടുള്ളത്, ”ഏത് പേരാണ് ഇഷ്ടമെന്ന ചോദ്യത്തിനാണ് കോൺഗ്രസ് നേതാവിന്റെ മറുപടി. “എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം സര്‍ക്കാരിന്റെ പരിഭ്രാന്തിയുടെ ഫലമാണ്. സർക്കാരിന് ചെറിയൊരു ഭയമുണ്ട്. ഇത് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ്, ” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതാണ് സർക്കാരിനെ ചൊടിപ്പിച്ചതെന്നും രാഹുല്‍ പറഞ്ഞു.

“തീർച്ചയായും ഞങ്ങളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരുമായാണ് ഞങ്ങൾ വന്നത്, ഇത് ഒരു മികച്ച ആശയമാണ്, കാരണം അത് നമ്മൾ ആരാണെന്നത് കൃത്യമായി പറയുന്നു, ഞങ്ങൾ സ്വയം ഇന്ത്യയുടെ ശബ്ദമായി കരുതുന്നു, അതിനാൽ ഈ വാക്ക് വളരെ യോജിക്കുന്ന ഒന്നാണ്. ഇത് പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കിയിരിക്കുന്നു, രാജ്യത്തിന്റെ പേര് മാറ്റുക എന്നത് അസംബന്ധമാണ്,” രാഹുല്‍ വ്യക്തമാക്കി.

അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി എപ്പോഴും ഇത്തരം തന്ത്രങ്ങളുമായി എത്തുമെന്ന് രാഹുല്‍ ആരോപിച്ചു.

കശ്മീര്‍ വിഷയത്തിലും രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കി. “കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് ഞങ്ങളുടെ മാത്രം കാര്യമാണ്. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടുകയും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ജനങ്ങളുടെ ശബ്ദം സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്, രാഹുല്‍ ചൂണ്ടിക്കാണിച്ചു.

Post a Comment

Previous Post Next Post