(www.kl14onlinenews.com)
(25-Sep-2023)
കാസർകോട് :ബദിയടുക്ക പള്ളത്തടുക്കയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ . റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓട്ടോറിക്ഷയിൽ സ്കൂൾ ബസ്സ് ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ , ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.വിദ്യാർത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
അപകടം മരണവീട്ടിലേക്ക് പോവുന്നതിനിടെ
ബദിയടുക്ക പള്ളത്തടുക്കയിൽ ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ അഞ്ചു പേർ. സ്ത്രീകൾ നാലു പേരും അടുത്ത ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. പുത്തൂരിലെ മരണവീട്ടിലേക്ക് പോവുകയായിരുന്നു സ്ത്രീകൾ.
തായലങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവറും മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനുമായ എ.എച്ച്. അബ്ദുറഊഫ് (58), മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ (50), മൊഗ്രാൽ പുത്തൂർ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീഫാത്വിമ (60), ദിഡുപ്പ കടവത്തെ ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂർ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്. മൊഗ്രാൽപുത്തൂരിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച റഊഫ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. മാന്യ ഗ്ലോബൽ പബ്ലിക്ക് സ്കൂളിന്റെ ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ കുട്ടികളെ പെർളയിൽ ഇറക്കി തിരികെ മാന്യയിലേക്ക് പള്ളത്തടുക്ക വഴി വരുകയായിരുന്ന ബസ് പുത്തൂരിലെ മരണവീട്ടിലേക്ക് സ്ത്രീകളെയും കൊണ്ടു പോവുകയായിരുന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു.
നാലു പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാൾ കാസർകോട് ജനറൽ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. പുത്തൂർ നെക്രയിലെ ബന്ധുവായ അബ്ദുറഹിമാന്റെ മരണവിവരമറിഞ്ഞ് പോകവേയാണ് ദുരന്തം. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.
Post a Comment