ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് കെവിൻ പീറ്റേഴ്സൺ; സാധ്യതാ ലിസ്റ്റിൽ മുന്നിൽ ആരെല്ലാം?

(www.kl14onlinenews.com)
(18-Sep-2023)

ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് കെവിൻ പീറ്റേഴ്സൺ; സാധ്യതാ ലിസ്റ്റിൽ മുന്നിൽ ആരെല്ലാം?
ലണ്ടൻ :
ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പ് മാമാങ്കത്തിന് തിരിതെളിയാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ആരാകും ജേതാക്കളെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ മുൻനിര ടീമുകളെല്ലാം മികച്ച മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഏഷ്യാ കപ്പിൽ എട്ടാം തവണയും മുത്തമിട്ട് മികച്ച ഫോമിലാണ് രോഹിത് ശർമ്മയും സംഘവും.

അതേസമയം, ഇക്കുറി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ചാമ്പ്യന്മാരാകാൻ സാധ്യതയുള്ള ടീമുകളുടെ സാധ്യത വിലയിരുത്തുകയാണ് മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ. അടുത്തിടെ നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ 2-0ന് പിന്നിട്ട് നിന്ന ശേഷം 3-2ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്കയാണ് പീറ്റേഴ്സണിന്റെ ആദ്യത്തെ ചോയ്സ്. ലോകകപ്പിൽ ക്ലാസന്റെ പ്രകടനമാണ് നിർണായകമാകുകയെന്നും അദ്ദേഹം വിലയിരുത്തുന്നു.

പീറ്റേഴ്സണിന്റെ സാധ്യതാ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയുണ്ട്. എന്നാൽ, ഇന്ത്യ ഉൾപ്പെടെയുള്ള മുഴുവൻ രാജ്യങ്ങൾക്കും വെല്ലുവിളി ഉയർത്താൻ പാക്കിസ്ഥാന് കഴിയുമെന്നും മുൻ ഇംഗ്ലീഷ് ഇതിഹാസ താരം കൂട്ടിച്ചേർത്തു. സ്വന്തം നാട്ടുകാരും പീറ്റേഴ്സണിന്റെ ഫേവറിറ്റുകളുമായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയോട് തോറ്റ് ലോകകപ്പിന് വരുന്ന ഓസ്ട്രേലിയയെ എഴുതിത്തള്ളാകില്ലെന്നും അവരും ലോകകപ്പിൽ മുത്തമിടാൻ ശ്രമിക്കുമെന്നും പീറ്റേഴ്സൺ പറയുന്നു. തൻ്റെ ഫേവറിറ്റ് ലിസ്റ്റിൽ ഇന്ത്യയ്ക്കും താഴെയാണ് ഇംഗ്ലണ്ടിന്റെ സ്ഥാനമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.

കെവിൻ പീറ്റേഴ്സണിന്റെ ട്വീറ്റ്:

“ഓസീസിനെതിരായ വിജയത്തിന് ശേഷം ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലോകകപ്പ് നേടാൻ സാധ്യതയുള്ള മത്സരാർത്ഥികളായി. ക്ലാസ്സെൻ ആണ് പ്രധാന സ്വത്ത്. ഏഷ്യാ കപ്പ് വിജയത്തോടെ സ്വന്തം തട്ടകത്തിൽ ഇന്ത്യ ഫേവറിറ്റ് ആണ്. പാക്കിസ്ഥാൻ എപ്പോഴും ഭീഷണിയാണ്, എപ്പോഴും!
ഫേവറിറ്റ് ടാഗിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് താഴെയാണ്. പിന്നെ ഓസ്‌ട്രേലിയ, അവർ അവിടെയും ഉണ്ടാകും…”

Post a Comment

أحدث أقدم