(www.kl14onlinenews.com)
(06-Sep-2023)
ലഹോർ:ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലദേശിനെതിരെ തകർപ്പൻ വിജയവുമായി ആതിഥേയരായ പാക്കിസ്ഥാൻ. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 38.4 ഓവറിൽ 193 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 63 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി പാക്കിസ്ഥാൻ വിജയത്തിലെത്തി. സൂപ്പർ ഫോറിൽ അടുത്ത മത്സരത്തിൽ ശനിയാഴ്ച ബംഗ്ലദേശ് ശ്രീലങ്കയെ നേരിടും. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
അർധസെഞ്ചറി നേടിയ ഓപ്പണർ ഇമാം ഉൾ ഹഖ്, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ എന്നിവരാണ് പാക്കിസ്ഥാന് അനായാസ വിജയമൊരുക്കിയത്. ഇമാം ഉൾ ഹഖ് 84 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 78 റൺസെടുത്ത് പുറത്തായി. റിസ്‌വാൻ 79 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഇമാം – റിസ്‌വാൻ സഖ്യമാണ് പാക്ക് വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് അടിച്ചെടുത്തത് 85 റൺസാണ്.
ഓപ്പണർ ഫഖർ സമാൻ (31 പന്തിൽ 20), ക്യാപ്റ്റൻ ബാബർ അസം (22 പന്തിൽ 17) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആഗ സൽമാൻ 21 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലദേശിനായി ടസ്കിൻ അഹമ്മദ്, ഷോറിഫുൽ ഇസ്‍ലാം, മെഹ്ദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫിന്റെ നേതൃത്വത്തിലാണ് പാക്ക് ബോളർമാർ ബംഗ്ലദേശിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. റൗഫ് ആറ് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. നസീം ഷാ 5.4 ഓവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി, ഫഹീം അഷ്റഫ്, ഇഫ്തിഖർ അഹമ്മദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
അർധസെഞ്ചറി നേടിയ മുഷ്ഫിഖുർ റഹിമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 87 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 64 റൺസാണ് റഹിമിന്റെ സമ്പാദ്യം. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ 57 പന്തിൽ ഏഴു ഫോറുകളോടെ 53 റൺസെടുത്ത് പുറത്തായി. മുഹമ്മദ് നയിം (20), ലിട്ടൺ ദാസ് (16), ഷമീം ഹുസൈൻ (16), അഫീഫ് ഹുസൈൻ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ.
Post a Comment