പാര്‍ലമെന്റ് സമ്മേളനത്തിന് അജണ്ടയില്ല, പ്രതിപക്ഷം ഉന്നയിക്കുന്ന ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

(www.kl14onlinenews.com)
(06-Sep-2023)

പാര്‍ലമെന്റ് സമ്മേളനത്തിന് അജണ്ടയില്ല, പ്രതിപക്ഷം ഉന്നയിക്കുന്ന ഒമ്പത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തില്‍ മണിപ്പൂരിലെ അക്രമങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഈ മാസം 18 മുതല്‍ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്താത്തതിലെ അതൃപ്തിയും സോണിയ പ്രധാനമന്ത്രിയെ അറിയിച്ചു.

”മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരു കൂടിയാലോചനയും കൂടാതെയാണ് ഈ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയതെന്ന് ഞാന്‍ ചൂണ്ടിക്കാട്ടുന്നു” ”അതിന്റെ അജണ്ടയെക്കുറിച്ച് ഞങ്ങളില്‍ ആര്‍ക്കും ഒരു ധാരണയുമില്ല. ഞങ്ങള്‍ മനസിലാക്കുന്നത് അഞ്ച് ദിവസവും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു എന്നാണ്. വരാനിരിക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സോണിയ, ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചില പൊതുജന ശ്രദ്ധയും പ്രാധാന്യവും’ പട്ടികപ്പെടുത്തി.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, വര്‍ഗീയ സംഘര്‍ഷം, ചൈനയുടെ അതിര്‍ത്തി ലംഘനം എന്നിവയും സോണിയ പട്ടികപ്പെടുത്തിയ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വിഷയങ്ങള്‍ വരാനിരിക്കുന്ന പ്രത്യേക സെഷനില്‍ പരിഗണിക്കപ്പെടുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,” സോണിയ പറഞ്ഞു.

സഭയുടെ കാര്യങ്ങളില്‍ ഒരു അജണ്ടയും ചര്‍ച്ചചെയ്യുകയോ പട്ടികപ്പെടുത്തുകയോ ചെയ്യാത്തത് ഇതാദ്യമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന സെഷന്‍ ക്രിയാത്മകമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, നയരൂപീകരണ യോഗത്തിലും ഇന്ത്യന്‍ പാര്‍ട്ടികളുടെ യോഗത്തിലും ഇത് തീരുമാനിച്ചു,” ജയറാം രമേശ് പറഞ്ഞു.

ജനാധിപത്യത്തിന്റെ മാതാവില്‍ ജനാധിപത്യത്തിന്റെ ‘ഷെഹ്നായി’ ഇല്ലെങ്കില്‍ ഇതെന്ത് ജനാധിപത്യമാണെന്നും ജറാം രമേശ് ചോദിച്ചു. പ്രധാനമന്ത്രി പരിഭ്രാന്തനും ക്ഷീണിതനുമാണെന്ന് ജയറാം രമേശ് ആരോപിച്ചു. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം

Post a Comment

Previous Post Next Post