ആതിരയെ കണ്ടെത്തുമ്പോള്‍ ഓട്ടോയില്‍ മുറുകെ പിടിച്ച നിലയില്‍

(www.kl14onlinenews.com)
(04-Sep-2023)

ആതിരയെ കണ്ടെത്തുമ്പോള്‍ ഓട്ടോയില്‍ മുറുകെ പിടിച്ച നിലയില്‍
ചെങ്ങന്നൂർ വെണ്മണിയ്ക്ക് വേദനയായി ആതിരയുടെയും മൂന്നുവയസുള്ള കുഞ്ഞിന്റെയും മരണം. ക്ഷേത്രദര്‍ശനത്തിനു പോയി മടങ്ങുന്നതിന്നിടെ ആതിരയും ഭര്‍ത്താവും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ ആറ്റിലേക് മറിഞ്ഞാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. ആതിരയ്ക്ക് ഒപ്പമുള്ള ഭര്‍ത്താവ് ഷൈലേഷ് (അനു– 43), മകൾ കീർത്തന (11), ഓട്ടോറിക്ഷ ഡ്രൈവർ വെൺമണി പ്ലാവുനിൽക്കുന്നതിൽ ലെബനോയിൽ സജു (45) എന്നിവരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആതിരയെ മരിച്ച നിലയില്‍ ഓട്ടോയില്‍ നിന്നും കണ്ടെത്തിയപ്പോള്‍ മകന്റെ മൃതദേഹം ഇന്നാണ് ആറ്റില്‍ നിന്നും ലഭിച്ചത്.

ആതിരയും കുടുംബവും സഞ്ചരിച്ച റോഡില്‍ ഒരു ഭാഗത്ത് അച്ചന്‍ കോവിലാറാണ്. ക്ഷേത്രത്തില്‍ പോയി തിരിച്ച് വരുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. വീടിനടുത്തുള്ള ഓട്ടോ ഡ്രൈവറെ കൂട്ടിയാണ് പോയത്. തിരികെ വരുമ്പോള്‍ വെണ്മണി ചാക്കോ റോഡില്‍ വെച്ച് ഓട്ടോയ്ക്ക് നിയന്ത്രണം നഷ്ടമായി ആറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടം അറിഞ്ഞു ഓടിയെത്തിയവര്‍ എറിഞ്ഞു കൊടുത്ത കയറില്‍ പിടിച്ചാണ് ഓട്ടോ ഡ്രൈവറും ആതിരയുടെ ഭര്‍ത്താവ് ശൈലേഷും രക്ഷപ്പെടുത്തിയത്. പതിനൊന്നു വയസുള്ള മകളെ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് ആതിരയെയും മൂന്നു വയസുള്ള കുഞ്ഞിനേയും തിരയുന്നത്. ഓട്ടോയില്‍ ബലമായി പിടിച്ചിരുന്ന നിലയിലാണ് മരിച്ച ആതിരയെ കണ്ടത്. പിന്നീടാണ് കുട്ടിയെ തിരയുന്നത്. ഇന്നലെ നിര്‍ത്തിയ തിരച്ചില്‍ ഇന്നു പുനരാരംഭിച്ചതോടെയാണ് ആതിരയുടെ മകന്റെ മൃതദേഹം കണ്ടെത്തിയത്.

കുപ്രസിദ്ധിയാര്‍ജ്ജിച്ച ചാക്കോ വധക്കേസില്‍ സുകുമാരക്കുറുപ്പ് ചാക്കോയെ കാറില്‍ ഇട്ട് കത്തിച്ചത് ഇതേ റോഡിലാണ്. ചാക്കോ വധത്തിനു ശേഷം ആ റോഡിനു നാട്ടുകാര്‍ ചാക്കോ റോഡ്‌ എന്നാണ് വിളിക്കുന്നത്. ഇതേ റോഡിലാണ് ആതിരയും കുഞ്ഞും മരിക്കാനിടയായ അപകടം സംഭവിച്ചത്. റോഡിനു ഒരു വശം ആറാണെങ്കിലും അവിടെ മുന്‍പ് അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നു വെണ്മണി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍.രമേഷ് കുമാര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അറിയുന്ന ഓട്ടോ ഡ്രൈവറാണ് ഓട്ടോ ഓടിച്ചത്. എന്നിട്ടും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. കനത്ത മഴയുള്ള സമയത്താണ് അപകടം നടക്കുന്നത്-രമേഷ് പറയുന്നു.

ആതിരയ്ക്കും കുട്ടിയ്ക്കും സംഭവിച്ച ദുരന്തത്തില്‍ വിഷമമുണ്ട്-വാര്‍ഡ്‌ കൗണ്‍സിലറായ അജിത മോഹനന്‍ പറയുന്നു. റോഡ്‌ തെന്നിയിരുന്നു. ഓട്ടോ ബ്രേക്ക് പിടിച്ചിട്ടും നിന്നില്ലെന്നാണ് പറഞ്ഞത്-അജിത മോഹനന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇന്നലെ മുഴുവന്‍ ആറില്‍ വെള്ളം കൂടുതലാണ്. ഇവര്‍ വീണ സ്ഥലത്ത് വലിയ ആഴവുമുണ്ട്‌. നല്ല ഒഴുക്കുള്ള സമയത്താണ് അപകടം നടക്കുന്നത്. ശൈലേഷിനെയും കുഞ്ഞിനെയും രക്ഷിച്ച് കഴിഞ്ഞാണ് ആതിരയും കുട്ടിയും ഉള്ള കാര്യം അറിയുന്നത്. അപ്പോഴേക്കും ആതിര മരിച്ചിരുന്നു. ചെറിയ കുഞ്ഞിനെ കാണാനുമുണ്ടായിരുന്നില്ല. അമ്മയും അനുജനും മരിച്ച വിവരം ആതിരയുടെ മകളെ അറിയിച്ചിട്ടുമില്ല. രാത്രി ഏഴരയോടെയാണ് പ്രദേശത്ത് വിവരം അറിയുന്നത്-അജിത മോഹനന്‍ പറയുന്നു.

Post a Comment

Previous Post Next Post