ലോക കുതിരയോട്ടമത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

(www.kl14onlinenews.com)
(04-Sep-2023)

ലോക കുതിരയോട്ടമത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ നിദയ്ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
മലപ്പുറം : ഫ്രാൻസിൽ നടന്ന ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികമേഖലയിലേയ്ക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരുമെന്നും ഇനിയും മികവിലേയ്ക്കുയരാനും കൂടുതൽ വിജയങ്ങൾ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നതായും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന ലോക കുതിരയോട്ടമത്സരത്തിലാണ് നിദ അൻജൂം വിജയം നേടിയത്. ഇന്റർനാഷണൽ ഇക്വസ്‌ട്രെയിൻ ഫെഡറേഷന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലു ഘട്ടങ്ങളും തരണം ചെയ്‌ത ആദ്യ ഇന്ത്യക്കാരിയാണ് നിദ. മണിക്കൂറിൽ 16.7 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുന്ന കുതിരപ്പുറത്ത്‌ 120 കിലോമീറ്റർ താണ്ടാൻ നിദ അൻജൂം എടുത്തത്‌ 7.29 മണിക്കൂർ മാത്രമാണ്. ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ഏക ഇന്ത്യൻ വനിതയുമാണ് നിദ. പന്ത്രണ്ടാം ക്ലാസ്‌ വിദ്യാർഥിയായിരിക്കെ അബുദാബി എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ സ്വർണ വാൾ നേടിയാണ് ലോക ചാമ്പ്യൻഷിപ്പുകളിലേക്ക് കടന്നത്‌.

ചാമ്പ്യൻഷിപ്പിൽ ‘എപ്‌സിലോൺ സലോ’ എന്ന കുതിരയുമായി ഇറങ്ങിയ നിദ ആദ്യഘട്ടത്തിൽ 23ാമതായും രണ്ടാമത്തേതിൽ 26ാമതായും മൂന്നിൽ 24ാമതായും ഫൈനലിൽ 21ാമതായുമാണ് ഫിനിഷ്‌ചെയ്‌തത്. മണിക്കൂറിൽ 16.7 കിലോമീറ്റർ വേഗതയാണ് നിദ നിലനിർത്തിയത്.

യുകെയിലെ ബെർമിങ്ഹാം സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദവും റഫാൾസ് വേൾഡ് അക്കാദമിയിൽനിന്ന് ഐബി ഡിപ്ലോമയും നേടിയ നിദ റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ടിന്റെയും മിൻഹത്ത് അൻവർ അമീന്റെയും മകളാണ്‌. ഡോ. ഫിദ അന്‍ജൂം ചേലാട്ട് സഹോദരിയാണ്‌.

Post a Comment

Previous Post Next Post