ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ല, ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ ഉത്തരം വേണം: ജസ്റ്റിന്‍ ട്രൂഡോ

(www.kl14onlinenews.com)
(19-Sep-2023)

ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ല, ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ ഉത്തരം വേണം: ജസ്റ്റിന്‍ ട്രൂഡോ
ഒട്ടാവ: കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഏറ്റവും ഗൗരവമുള്ള വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തുക മാത്രമാണ് ചെയ്തതെന്നും ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയത്.എന്നാല്‍ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ‘ഇന്ത്യ സര്‍ക്കാര്‍ ഈ വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഞങ്ങള്‍ വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനോ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നില്ല’ ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ നീക്കത്തിന് പിന്നാലെയാണ് ഇന്ത്യയും സമാനമായി കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. നയതന്ത്ര ഉദ്യോസ്ഥനോട് അടുത്ത അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ‘ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഇടപെടുന്നതിലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തത്തിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ വര്‍ദ്ധിച്ചുവരുന്ന ആശങ്കയെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു.

ഖാലിസ്ഥാന്‍ അനുകൂല നേതാവിന്റെ കൊലപാതകവുമായി ഇന്ത്യയുടെ ബന്ധം തെളിയിക്കപ്പെട്ടാല്‍ നമ്മുടെ പരമാധികാരത്തിന്റെയും രാജ്യങ്ങള്‍ പരസ്പരം എങ്ങനെ ഇടപെടുന്നു എന്നതിന്റെ അടിസ്ഥാന നിയമത്തിന്റെയും വലിയ ലംഘനമായിരിക്കും,” കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.

കാനഡയിലെ സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന്റെ തലവനായ നിജ്ജാര്‍ ഈ വര്‍ഷം ജൂണില്‍ കൊല്ലപ്പെട്ടിരുന്നു. വിഘടനവാദി സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു. 46 കാരനായ നിജ്ജാറിനെ ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് രണ്ട് അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.

Post a Comment

Previous Post Next Post