(www.kl14onlinenews.com)
(20-Sep-2023)
കൊച്ചി: വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റി(2)ന് മുന്നിലാണ് മൊഴി കൊടുക്കുക. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് സൗദി യുവതി. ഇവര്‍ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം ഷക്കീറിന്റെ വാദവും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു.
ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി സൗദിയുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഷക്കീറിന്റെ ആരോപണം. വാട്‌സ്ആപ്പ് ചാറ്റുകളും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രമോഷന്‍ കൂട്ടണം, യുവതിയുടെ വിസാ പ്രശ്‌നം, ബഹറൈന്‍ യാത്ര ഇതിനായി ഫെബ്രുവരി ഒന്ന് മുതല്‍ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നാണ് ഷക്കീര്‍ പറയുന്നത്. രണ്ട് തവണ കൊച്ചിയില്‍ വെച്ച് കണ്ടു. ഫെബ്രുവരി ഒന്നിനായിരുന്നു ആദ്യ കൂടിക്കാഴ്ച. രണ്ടാമത്തെ കൂടിക്കാഴ്ച സെപ്തംബര്‍ പതിമൂന്നിനാണെന്നും തന്നെ നിരന്തരം വിളിച്ചിരുന്നെന്നും ഷക്കീര്‍ പറഞ്ഞു.
അഭിമുഖത്തിനായി എത്തിയ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. പരാതിക്കാരി സൗദി എംബസിക്കും മുംബൈയിലെ കോണ്‍സുലേറ്റിനും ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീര്‍ സുബാനെന്ന് യുവതി മൊഴി നല്‍കിയിരുന്നു. പുലര്‍ച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയില്‍ പ്രതിശ്രുത വരന്‍ പുറത്ത് പോയപ്പോള്‍ ശാരീരികമായി ഷക്കീര്‍ ആക്രമിച്ചു. ഷക്കീര്‍ സുബാനെതിരെ ലൈംഗികാതിക്രമം, മര്‍ദനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
Post a Comment