(www.kl14onlinenews.com)
(01-Sep-2023)
പല്ലെക്കെലെ: ലോകമെമ്പാടുമുള്ള കിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ഏഷ്യാകപ്പ് പോരാട്ടത്തില്‍ മഴ വില്ലനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യ ബദ്ധവൈരികളായ പാകിസ്താനെ നേരിടുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. എന്നാല്‍ അന്ന് കാന്‍ഡിയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ബലഗൊല്ല കൊടുങ്കാറ്റ് കാന്‍ഡിയിലേക്ക് കടക്കുന്നതുകൊണ്ടാണ് മഴ ഭീഷണിയുള്ളത്. അക്ക്യുവെതര്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം കാന്‍ഡിയില്‍ ശനിയാഴ്ച രാവിലെ മേഘങ്ങളാല്‍ നിറയാനും ഉച്ച കഴിഞ്ഞ മഴപെയ്യാനുമാണ് സാധ്യത. ബിബിസി വെതര്‍ ഫോര്‍കാസ്റ്റും നാളെ മഴ പ്രവചിച്ചിട്ടുണ്ട്. ഇതോടെ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കേണ്ട ആവേശപ്പോരില്‍ മഴ വില്ലനായേക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. മഴ ഭീഷണിയുള്ളതുകൊണ്ടുതന്നെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിശ്ചയിച്ച ടോസ് വൈകാനുള്ള സാധ്യതയുമുണ്ട്. നിശ്ചിത 50 ഓവര്‍ ഇന്നിംഗ്‌സ് നടക്കാനുള്ള സാധ്യതയും വളരെ കുറവാണ്.
മഴ വില്ലനായാല്‍ മത്സരത്തിന് എന്ത് സംഭവിക്കും?
ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ മഴ പ്രതികൂലമായി ബാധിച്ചാല്‍ ഫലം പ്രഖ്യാപിക്കുന്നതിന് ഇരുടീമുകളും കുറഞ്ഞത് 20 ഓവറെങ്കിലും കളിക്കണം. ആദ്യ ഇന്നിംഗ്‌സില്‍ തന്നെ മഴ പെയ്താല്‍ മത്സരം പൂര്‍ണമായും റദ്ദ് ചെയ്യപ്പെടും. അതേസമയം കളി നിര്‍ത്തിയാല്‍ ഇന്ത്യയും പാകിസ്താനും ഓരോ പോയിന്റ് വീതം പങ്കിടും. രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞതിന് ശേഷം മഴ പെയ്താല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ പ്രഖ്യാപിക്കും.
ഒരിക്കൽ മാത്രമല്ല, ഏഷ്യ കപ്പിന്റെ സൂപ്പർ 4 ഘട്ടത്തിലും ഫൈനലിലും എത്തിയാൽ ഇന്ത്യയും പാകിസ്ഥാനും ടൂർണമെന്റിൽ മൂന്ന് തവണ എങ്കിലും പരസപരം ഏറ്റുമുട്ടും. ഈ രണ്ട് ടീമുകളും ഏഷ്യാ കപ്പിലും ഐസിസി ഇവന്റുകളിലും മാത്രം ഏറ്റുമുട്ടുന്നതിനാൽ, ആരാധകരും വിദഗ്ധരും വിമർശകരും പോരാട്ടം കാണാൻ കാത്തിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പല്ലെക്കെലെ സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുകയാണ്. സെപ്റ്റംബർ രണ്ടിലെ സ്ഥിതിയും വ്യത്യസ്തമായിരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 90 ശതമാനം മഴ സാധ്യതയുണ്ടെന്നാണ് വിവിധ ഏജൻസികളുടെ കാലാവസ്ഥാ പ്രവചനങ്ങൾ.
കനത്ത മഴ ലഭിക്കുന്ന സമയമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സാധാരണ മത്സരങ്ങൾ നടത്താറില്ല. 33 രാജ്യാന്തര ഏകദിന മത്സരങ്ങൾക്കാണ് പല്ലെക്കെലെ സ്റ്റേഡിയം ഇതുവരെ വേദിയായത്. ഇതിൽ മൺസൂൺ സമയത്ത് മൂന്ന് മത്സരങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.
സെപ്‌റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ ദ്വീപ് രാഷ്ട്രത്തിൽ കൂടുതൽ മത്സരങ്ങൾ നടത്താത്തതിന്റെ വ്യക്തമായ സൂചനയാണിത്. ടൂർണമെന്റിന്റെ യഥാർത്ഥ ആതിഥേയരായ പാകിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ സർക്കാരിൽ നിന്ന് ബിസിസിഐക്ക് അനുമതി ലഭിക്കാത്തതിനാൽ ഏഷ്യൻ കപ്പിന്റെ 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിർബന്ധിതരാവുകയായിരുന്നു.
പാകിസ്ഥാൻ നാല് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമ്പോൾ ശ്രീലങ്കയ്ക്ക് ഒമ്പത് മത്സരങ്ങളാണ് ലഭിച്ചത്. ആ ഒമ്പത് മത്സരങ്ങളിൽ ഒന്ന് ഇന്ത്യ- പാകിസ്ഥാൻ ഗ്രൂപ്പ് എ ഗെയിമായിരുന്നു, കഴിഞ്ഞ വർഷം ടി20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനെതിരെ കളിച്ചത്. അന്ന് വിരാട് കോഹ്‌ലിയുടെ 83 റൺസിന്റെ മികവിൽ ഇന്ത്യ വിജയം നേടുകയും ചെയ്തു.
Post a Comment