(www.kl14onlinenews.com)
(21-Sep-2023)
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും കോടതിയിൽ ഹാജരായില്ല. ഇന്ന് നിർബന്ധമായും ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് കാസർകോട് ജില്ലാ സെഷൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നിലനിൽക്കില്ലെന്ന വാദമുയർത്തിയാണ് ഹർജി നൽകിയിരിക്കുന്നത്. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികളുടെ വാദം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്‌മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
2021 ജൂണിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്‌ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍.
Post a Comment