നിപ: തോന്നയ്ക്കലിലേക്ക് സാംപിള്‍ അയയ്ക്കാത്തത് പരിശോധിക്കും;വീണയെ തള്ളി മുഖ്യമന്ത്രി

(www.kl14onlinenews.com)
(13-Sep-2023)

നിപ: തോന്നയ്ക്കലിലേക്ക് സാംപിള്‍ അയയ്ക്കാത്തത് പരിശോധിക്കും;വീണയെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം :
നിപ പരിശോധന വിവാദത്തില്‍ ആരോഗ്യമന്ത്രിെയ തള്ളി മുഖ്യമന്ത്രി. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധനയ്ക്ക് സജ്ജമാണ്. സാംപിളുകള്‍ എന്തുകൊണ്ട് അവിടേക്ക് അയച്ചില്ലെന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം തോന്നയ്ക്കലില്‍ നടത്താന്‍ പറ്റില്ലെന്ന് ആരോഗ്യമന്ത്രി സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെയാണ് സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നിപ സ്ഥിരീകരിക്കാന്‍ കഴിയുന്ന സംവിധാനം കോഴിക്കോടും തോന്നയ്ക്കലും ഉണ്ടെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നുമായിരുന്നു വീണാ ജോര്‍ജിന്റെ വാദം.

നിപ പരിശോധനയ്ക്ക് തോന്നയ്ക്കലിലെ ലാബ് സജ്ജമാണെന്നും 7000 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോക്ടര്‍ ഇ. ശ്രീകുമാര്‍ മനോരമന്യൂസിനോട് വ്യക്തമാക്കിയിരുന്നു. നിപ ഉള്‍പ്പെടെ 88 തരം പരിശോധനകള്‍ക്ക് സൗകര്യമുണ്ടെന്നും പരിശോധനാ ഫലം 12 മണിക്കൂറിനുളളില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലാബില്‍ 80 സാംപിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അതേസമയം, നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യസംഘം ഇന്നെത്തും. ഇതിനൊപ്പം പുണെയില്‍ നിന്നുള്ള സംഘവും ചെന്നൈയില്‍ നിന്നുളള സംഘവും ഉച്ചയോടെ എത്തിച്ചേരും. നിലവില്‍ നാല് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികില്‍സയിലാണ്. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്ന് ഉറപ്പായി. ഇതുവരെ 168 പേരാണ് പട്ടികയില്‍ ഉള്ളത്. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. വാർഡുകൾ ബാരിക്കേഡ് വച്ച് നിയന്ത്രിക്കും. സ്കൂളുകൾക്കും അംഗനവാടികൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ - അർധസർക്കാർ, പൊതുമേഖല ബാങ്കുകൾ എന്നിവയ്ക്കും അവധിയാണ്. തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫിസുകളും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണം. അവശ്യസാധനങ്ങളുടെ കടകൾക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയപരിധിയില്ല.

Post a Comment

Previous Post Next Post