(www.kl14onlinenews.com)
(07-Sep-2023)
ഡൽഹി :
രാജ്യങ്ങളുടെ പേര് മാറ്റുന്നത് സംബന്ധിച്ച അപേക്ഷകള്‍ ലഭിച്ച ശേഷം അവ പരിഗണിക്കുമെന്ന് യുഎന്‍. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അഭ്യര്‍ഥന നടത്തിയാല്‍ മാത്രമേ തീരുമാനമെടുക്കൂവെന്നും യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. തുര്‍ക്കിയുടെ പേര് തുര്‍ക്കിയെ എന്നാക്കിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഡെപ്യൂട്ടി വക്താവായ ഫര്‍ഹാന്‍ ഹഖിന്റെ പ്രതികരണം.
'തുര്‍ക്കിയുടെ കാര്യത്തില്‍, സര്‍ക്കാര്‍ ഞങ്ങള്‍ക്ക് കൈമാറിയ ഒരു ഔപചാരിക അപേക്ഷ പരിഗണിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ക്ക് അത്തരത്തിലുള്ള അഭ്യര്‍ത്ഥനകള്‍ ലഭിക്കുകയാണെങ്കില്‍ അവ വരുന്നതുപോലെ പരിഗണിക്കും, ''ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ജി20 അത്താഴ ക്ഷണത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പ്രതികരണം.
ചൊവ്വാഴ്ച ജി 20 വിരുന്നിനുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിന് പിന്നാലെയാണ് പേര് മാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമായത്. 'ഇന്ത്യയുടെ രാഷ്ട്രപതി' എന്നതിന് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്നാണ് കത്തില്‍ എഴുതിയിരുന്നത്. ഇതോടെ ഇന്ത്യ ഒഴിവാക്കി രാജ്യത്തിന്റെ പേര് ഭാരതമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഇതിനിടെ ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ തര്‍ക്കം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി സഹമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് രാജ്യത്തിന്റെ പുരാതന നാമമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ പാലിക്കേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ മോദി സംസാരിച്ചു. ഉച്ചകോടി നടക്കുമ്പോള്‍ ഡല്‍ഹിയില്‍ തുടരാനും സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏതെങ്കിലും ചുമതല നിര്‍വഹിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
Post a Comment