പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

(www.kl14onlinenews.com)
(07-Sep-2023)

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഡോക്ടര്‍ സി കെ രമേശന്‍, നഴ്‌സുമാരായ എം രഹ്ന, കെ ജി മഞ്ജു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എസിപി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തി.

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കല്‍ നെഗ്ലിജന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളുടെ അറസ്റ്റ് മെഡിക്കല്‍ കോളേജ് സിപിഒ രേഖപ്പെടുത്തിയത്. നേരത്തെ നാല് പ്രതികളോടും എസിപിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് പ്രതികള്‍ എസിപി ഓഫീസില്‍ എത്തിയത്. രണ്ടാം പ്രതിയായിട്ടുള്ള ഡോ. ഷഹ്ന കോഴിക്കോട് വരാനുള്ള അസൗകര്യം ചൂണ്ടികാട്ടി കോട്ടയത്താണ് ഹാജരായത്.

കേസുമായി ബന്ധപ്പെട്ട കരട് കുറ്റപത്രവും നിയമോപദേശവും കേസിന്റെ ഫയലും ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. അതിന് ശേഷം വിചാരണക്കുള്ള അനുമതി തേടും .മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ഡോ. സി കെ രമേശന്‍. ഡോ. ഷഹന എം കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തതെന്നാണ് വിവരം. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു

Post a Comment

Previous Post Next Post