ബാബർ അസമുമായി ഭിന്നതയെന്ന വാർത്തകള്‍ക്കിടെ പുതിയ ചിത്രം പുറത്തുവിട്ട് ഷഹീൻ അഫ്രീദി 2023

(www.kl14onlinenews.com)
(19-Sep-2023)

ബാബർ അസമുമായി ഭിന്നതയെന്ന വാർത്തകള്‍ക്കിടെ പുതിയ ചിത്രം പുറത്തുവിട്ട് ഷഹീൻ അഫ്രീദി

ലാഹോര്‍: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കിടെ ബാബറുമൊത്തുള്ള പുതിയ ചിത്രം പങ്കുവെച്ച് ഷഹീന്‍ അഫ്രീദി. ബാബറുമൊത്ത് വീട്ടില്‍ ചെസ് ബോര്‍ഡിന് മുന്നിലിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കുടുംബം എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചത് ബാബറിന് ഷഹീന്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മോശം പ്രകടനത്തിന്‍റെ പേരില്‍ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗള്‍ ചെയ്തവരെയും പറ്റിയും പറയാന്‍ ഷഹീന്‍ ബാബറിനോട് ആവശ്യപെടുകയായിരുന്നു. ആരൊക്കെ നന്നായി കളിച്ചുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു ഇതിന് ബാബറിന്‍റെ മറുപടി. വാക് തര്‍ക്കം കടുത്തപ്പോള്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനോട് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. ഇന്ത്യയോട് 228 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോടും പാക്കിസ്ഥാന്‍ തോറ്റിരുന്നു. ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ടൂര്‍ണമെന്‍റായിരുന്നു ഏഷ്യാ കപ്പ്. എന്നാല്‍ ഫൈനലിലെത്താന്‍ പോലും സാധിച്ചില്ലെന്ന് മാത്രമല്ല പ്രധാന പേസര്‍മാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്ക് പരിക്കേറ്റത് തിരിച്ചടിയാവുകയും ചെയ്ത. ഏകദിന ലോകകപ്പിനൊരുങ്ങുന്ന പാക് ടീം ഈ മാസം 25ന് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post