(www.kl14onlinenews.com)
(03-Sep-2023)
കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഓടിക്കാന്‍ മംഗളൂരു –എറണാകുളം റൂട്ടിന് മുന്‍ഗണന. നാലുമണിക്കൂറോളം രാത്രിയില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് നടത്തേണ്ട വണ്ടിയായതിനാല്‍ നിശ്ചിത സമയത്തിനുളളില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടതിനാലാണ് എറണാകുളം വരെ സര്‍വീസ് പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ച് ഉദ്ഘാടനത്തീയതി തീരുമാനിക്കും.
ഏറെ ഡിമാന്‍ഡുളള മംഗലാപുരം – തിരുവനന്തപുരം റൂട്ടിലോടിക്കാനായിരുന്നു ആദ്യ പരിഗണന. എന്നാല്‍ പ്രോയോഗിക തടസങ്ങള്‍ ഏറെയാണ്. ഒരു ദിവസത്തെ ഒാട്ടത്തിനു ശേഷം നാലു മണിക്കൂറോളം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. തിരുവനന്തപുരം – മംഗലാപുരം റൂട്ടില്‍ സമയം കൂടുതലെടുക്കും. അറ്റകുറ്റപ്പണിക്ക് ശേഷം രാവിലെ കൃത്യസമയത്ത് പുറപ്പെടുക അസാധ്യമെന്ന് വിലയിരുത്തിയാണ് എറണാകുളം–മംഗലാപുരം പാത പരിഗണിക്കുന്നത്. മാത്രമല്ല തിരുവനന്തപുരം വരെ നീട്ടിയാല്‍ മറ്റ് നിരവധി ട്രെയിനുകളുടെ സമയത്തില്‍ വ്യത്യാസം വരാനും ഇത് യാത്രക്കാരുടെ രോഷത്തിനും കാരണമാകുമെന്നും റയില്‍വേ കണക്കു കൂട്ടുന്നുണ്ട്. ഇതോടെയാണ് മംഗലാപുരം–എറണാകുളം റൂട്ടിന് സാധ്യത കൂടുന്നത്. കോട്ടയത്തേയ്ക്ക് നീട്ടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും റയില്‍വേ പരിഗണിച്ചിട്ടില്ല.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങള്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ വേണം സര്‍വീസെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിലപാട്. അല്ലെങ്കില്‍ നിലവിലെ വന്ദേഭാരത് റൂട്ടായ തിരുവനന്തപുരം – കാസര്‍കോട് പരിഗണിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ഇത് കേന്ദ്രം പരിഗണിക്കുമോ എന്നും കണ്ടറിയണം. നിലവില്‍ ചെന്നൈയിലുളള റേക്ക് വൈകാതെ മംഗലാപുരത്ത് എത്തിക്കുമെന്നും പാലക്കാട് ഡിവിഷന് കൈമാറുമെന്നുമാണ് വിവരം.
Post a Comment