ഏഷ്യാ കപ്പിൽ ഇന്ത്യ-ശ്രീലങ്ക ഫൈനലിനും മഴ ഭീഷണി, റിസർവ് ദിനമുണ്ടാകുമോ; മഴ മുടക്കിയാൽ ആര് കിരീടം നേടുമെന്നറിയാം

(www.kl14onlinenews.com)
(16-Sep-2023)

ഏഷ്യാ കപ്പിൽ ഇന്ത്യ-ശ്രീലങ്ക ഫൈനലിനും മഴ ഭീഷണി, റിസർവ് ദിനമുണ്ടാകുമോ; മഴ മുടക്കിയാൽ ആര് കിരീടം നേടുമെന്നറിയാം
കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും നാളോ പോരാട്ടത്തിനിറങ്ങുകയാണ്. ഏഷ്യാ കപ്പിലെ ഭൂരിഭാഗം മത്സരങ്ങളിലും ആവേശം ചോര്‍ത്തി മഴ വില്ലനായി എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം മഴ മൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചപ്പോള്‍ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് മാത്രമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസര്‍വ് ദിനം പ്രഖ്യാപിച്ചത് വിമര്‍ശനത്തിന് കാരണമായെങ്കിലും റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയത് ആരാധകരെ ആവേശത്തിലാഴ്ത്തി.

ഫൈനലിനും മഴ ഭീഷണി

ടൂര്‍ണമെന്‍റിലെ ഭൂരിഭാഗം മത്സരങ്ങളെയും പോലെ നാളെ നടക്കുന്ന ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. നാളെ കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ അവസാന പന്ത് വരെ ആവേശം നീണ്ട പോരാട്ടത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തിയാണ് ശ്രീലങ്ക ഫൈനലിന് ഇറങ്ങുന്നത്.

റിസര്‍വ് ദിനമുണ്ട്, പക്ഷെ...

നാളെ നടക്കുന്ന ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മഴമൂലം നാളെ മത്സരം മുടങ്ങിയാലും തിങ്കളാഴ്ച മത്സരം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരാംഭിക്കും. എന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം.

റിസര്‍വ് ദിനവും മഴ കൊണ്ടുപോയാല്‍

നാളെയും റിസര്‍വ് ദിനമായ മറ്റന്നാളും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post