(www.kl14onlinenews.com)
(26-Sep-2023)
കാസര്‍കോട്: ബദിയടുക്കക്ക് സമീപം പള്ളത്തടുക്കയില്‍ ഓട്ടോയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ച ദാരുണ സംഭവം ജില്ലയുടെ കണ്ണീരായി. മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ചുപേരും. മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (48), സഹോദരിയും കടവത്ത് ദിഡുപ്പയിലെ ഇസ്മായില്‍ കൊപ്പളത്തിന്റെ ഭാര്യയുമായ ഉമ്മാലിയുമ്മ (55), മറ്റൊരു സഹോദരിയും നോര്‍ത്ത് ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യയുമായ നഫീസ (50), ഇവരുടെ പിതൃസഹോദരന്‍ കടവത്ത് ദിഡുപ്പയിലെ പരേതനായ ഷേക്കാലി ഹാജിയുടെ ഭാര്യ ബീഫാത്തിമ (65), ഓട്ടോ ഡ്രൈവറും തായലങ്ങാടി സ്വദേശിയും മൊഗ്രാല്‍പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ എ.എസ് അബ്ദുല്‍റഊഫ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം. ബദിയടുക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസും ഇവര്‍ സഞ്ചരിച്ച ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണും പൂര്‍ണ്ണമായും തകര്‍ന്ന ഓട്ടോയ്ക്കകത്ത് കുടുങ്ങിയുമാണ് മരണം സംഭവിച്ചത്. യാത്രക്കാരില്‍ ഒരാളുടെ വസ്ത്രത്തിലുണ്ടായിരുന്ന കത്തില്‍ നിന്നുള്ള നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. അപകടവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ നീര്‍ച്ചാര്‍ കുംട്ടിക്കാന ദേവരമെട്ടുവിലെ ജോണ്‍ ഡിസൂസ(56)യെ പൊലീസ് അറസ്റ്റുചെയ്തു. മരണ വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകളാണ് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഞ്ചുപേരുടേയും പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. റഊഫിന്റെ മയ്യത്ത് മൊഗര്‍ പള്ളിയില്‍ മയ്യത്ത് നിസ്‌കരിച്ച ശേഷം സ്വദേശമായ തായലങ്ങാടിയില്‍ കൊണ്ടുപോയി തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ബീഫാത്തിമയുടെ മയ്യത്ത് മൊഗര്‍ ജുമാമസ്ജിദ് അങ്കണത്തിലും ഉമ്മാലിയുമ്മയുടെ മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തിലും നഫീസയുടെ മയ്യത്ത് ബെള്ളൂര്‍ ജുമാമസ്ജിദ് അങ്കണത്തിലും ദിഡുപ്പയിലെ ബീഫാത്തിമയുടെ മയ്യത്ത് കോട്ടക്കുന്ന് ജുമാമസ്ജിദ് അങ്കണത്തിലും ഖബറടക്കി.
രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് മരിച്ച അഞ്ചുപേരുടേയും വീടുകളുള്ളത്. അപകട വിവരമറിഞ്ഞതുമുതല്‍ ഈ വീടുകളിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. വിദേശത്തുണ്ടായിരുന്ന മക്കളും മരുമക്കളും അടുത്തബന്ധുക്കളുമടക്കമുള്ള പലരും ഇന്ന് രാവിലെയോടെ നാട്ടിലെത്തി.
ദുബായിലുള്ള അസറുദ്ദീന്‍, ഡിഗ്രി വിദ്യാര്‍ത്ഥിനി സന എന്നിവരാണ് ഉമ്മാലിയുമ്മയുടെ മക്കള്‍. ഷാദി മരുമകളാണ്. മുംതാസ്, മുനീറ, മുബഷിര്‍ (അബുദാബി) എന്നിവരാണ് മൊഗറിലെ ബീഫാത്തിമയുടെ മക്കള്‍. മഹമൂദ് ആലംപാടി, ജലീല്‍ പേരാല്‍ എന്നിവര്‍ മരുമക്കളാണ്.
മുഹമ്മദ് മുര്‍തള, ഫൗസിയ, ആയിഷ, ഫായിസ, നസിയ എന്നിവരാണ് നഫീസയുടെ മക്കള്‍. ഷംസു ഉപ്പള, സുഹൈല്‍ എരിയാല്‍, അംസു ബെള്ളൂര്‍, നാസര്‍ കമ്പാര്‍ എന്നിവര്‍ മരുമക്കളാണ്. ദിഡുപ്പയിലെ ബീഫാത്തിമയുടെ മക്കള്‍: റഊഫ് (ബംഗളൂരു), ഹാരിസ് (ദുബായ്), അനസ് (സൗദി), തസ്‌രിയ, റുഖിയ, മാസിത, ആഷിഖ. മരുമക്കള്‍: സൈദ, സാഹി, അഫീഫ, സുലൈ ചായിത്തോട്ടം, സലാം, അഷ്‌റഫ് മൊഗ്രാല്‍, മുഷ്താഖ് ദേശാംകുളം (ദുബായ്).
സഹോദരങ്ങള്‍: സി.എച്ച് അബ്ദുല്ല, റഷീദ്, സുഹറ.
തായലങ്ങാടിയിലെ പരേതരായ അബൂബക്കര്‍ ഹാജിയുടേയും ഖദീജയുടേയും മകനാണ് ഓട്ടോ ഡ്രൈവര്‍ റഊഫ്. നേരത്തെ ഗള്‍ഫിലായിരുന്നു. ഒരാഴ്ചമുമ്പാണ് പുതിയ ഓട്ടോ വാങ്ങിയത്. ഭാര്യ: റംല. മക്കള്‍: റഹ്‌ന, റൈഫ, റഹീസ്. മരുമകന്‍: മുനവ്വര്‍ തളങ്കര. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി നാലാംമൈല്‍, ബഷീര്‍ ആനബാഗില്‍, ഷുക്കൂര്‍ ചക്കര ബസാര്‍, മൂസ അടുക്കത്ത്ബയല്‍, ജമീല, സുഹറ, ഫാത്തിമാബി, ആമിന, ഖൈറുന്നിസ, നജ്മുന്നിസ, പരേതരായ ആയിഷ, ഖദീജ.
പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 3 മണിയോടെ
കാസര്‍കോട്, ബദിയടുക്ക പള്ളത്തടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ 5 പേരുടെ മയ്യത്ത് ഇന്നലെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിയതു മുതല്‍ ആയിരങ്ങളാണ് ആസ്പത്രിയിലേക്ക് ഒഴുകിയെത്തിയത്. ജീവനറ്റ് കിടക്കുന്നവരെ ഒന്നിച്ച് കിടത്തിയിരിക്കുന്നത് കണ്ട് എല്ലാവരുടെയും ഉള്ളം നുറുങ്ങി.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഡ്രൈവര്‍മാരും അടക്കമുള്ളവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. പലരും മൃതദേഹങ്ങള്‍ കണ്ട് വിങ്ങിപൊട്ടി. അപകടത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും പിടിച്ച് നില്‍ക്കാനായില്ല. വിങ്ങലോടെയാണ് അദ്ദേഹം സംസാരിച്ചത്. പലരും മോര്‍ച്ചറിയുടെ വശങ്ങളിലേക്ക് മാറി നിന്ന് കരയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ്, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ എത്തിയതോടെ കൂട്ട നിലവിളി ഉയര്‍ന്നു.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുലര്‍ച്ചെ 3 മണിയോടെയാണ് പൂര്‍ത്തിയായത്. ജനറല്‍ ആസ്പത്രി ജീവനക്കാരും പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒന്നിച്ച് കൈകോര്‍ത്തത് കൊണ്ട് നടപടികളെല്ലാം എളുപ്പത്തില്‍ പൂര്‍ത്തിയായി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നിന്റെയും എ.കെ.എം അഷ്‌റഫിന്റെയും നേതൃത്വത്തില്‍ ആസ്പത്രി അധികൃതരും പൊലീസുമായി സഹകരിച്ച് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജനറല്‍ ആസ്പത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദിന്റെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് സര്‍ജന്‍ ഡോ. അംജിത് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. ജീവനക്കാരായ രവീന്ദ്രന്‍, ക്രിസ്റ്റിഫര്‍, വിപിന്‍, വിജയദാസ്, ചാരിറ്റി വളണ്ടിയര്‍ മാഹിന്‍ കുന്നില്‍ തുടങ്ങിയവര്‍ മോര്‍ച്ചറിയില്‍ അവസാന നിമിഷം വരെ ഉണ്ടായിരുന്നു.
ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍, സി.ഐ അജിത്ത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബദിയടുക്ക, വിദ്യാനഗര്‍, കാസര്‍കോട് ടൗണ്‍, വനിതാ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പൊലീസുകാര്‍ 4 ടീമുകളായി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍, നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ഡി.സി.സി നേതാവ് പി.എ. അഷ്‌റഫലി, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, മുന്‍ പ്രസിഡണ്ട് ഷാഹിന സലീം, നഗരസഭാ കൗണ്‍സിലര്‍ സിയാന ഹനീഫ്, എ.എം. കടവത്ത്, മാഹിന്‍ കേളോട്ട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ടി.എം ഇഖ്ബാല്‍, കെ.എം. ബഷീര്‍, സഹീര്‍ ആസിഫ്, റഫീഖ് കുന്നില്‍, എ.എച്ച്. മുനീര്‍, ഫാറൂഖ് പുത്തൂര്‍, കലീല്‍ ഷേക്ക്, നാസര്‍ ചെര്‍ക്കളം, പൈച്ചു ആംബുലന്‍സ്, സിദ്ദീക്ക് ബേക്കല്‍, മുജീബ് കമ്പാര്‍ തുടങ്ങിയവര്‍ ആസ്പത്രിയിലുണ്ടായിരുന്നു.
ഓരോ മയ്യത്തും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ജനറല്‍ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് സി.എച്ച് സെന്ററിന്റെ ആംബുലന്‍സില്‍ മാലിക്ക് ദീനാര്‍ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് കുളിപ്പിച്ച ശേഷമാണ് വീടുകളില്‍ എത്തിച്ചത്. റൗഫിന്റെ മയ്യത്താണ് ഏറ്റവും ഒടുവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. അഷ്‌റഫ് എടനീരിന്റെയും മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെയും പ്രവര്‍ത്തനം പ്രത്യേകം പ്രശംസിക്കപ്പെട്ടു.
അതേസമയം,
ഡ്രൈവർമാരുടെ അശ്രദ്ധ കാരണമെന്ന് അപകടമുണ്ടായതെന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായിട്ടുണ്ട്. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നുണ്ട്.
Post a Comment