ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു

(www.kl14onlinenews.com)
(21-Sep-2023)

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ 2-1ന് തോൽപ്പിച്ചു

കൊച്ചി : കൊച്ചിയിൽ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം. കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ്, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചുകയറിയത്. ബെംഗളൂരു താരം കെസിയ വീൻഡോർപ് (സെല്‍ഫ് ഗോൾ 52–ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ബെംഗളൂരുവിനായി 90–ാം മിനിറ്റിൽ കുർട്ടിസ് മെയ്നാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിലെ ഗോൾ വരൾച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

ആദ്യ പകുതിയില്‍ ഇരു ടീമുകൾക്കും ഗോളവസരങ്ങൾ പലതു ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കനത്ത മഴയിൽ തുടങ്ങിയ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റേതായിരുന്നു തുടർമുന്നേറ്റങ്ങൾ. മത്സരത്തിന്റെ നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമനെ രോഹിത് കുമാർ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ‍ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. പതുക്കെ താളം കണ്ടെത്തിയ ബെംഗളൂരു ആദ്യ പത്തു മിനിറ്റുകൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു പന്തെത്തിച്ചെങ്കിലും കാര്യമായ ഭീഷണി ഉണ്ടാക്കാൻ സാധിച്ചില്ല.

മത്സരത്തിന്റെ 24–ാം മിനിറ്റിൽ ബെംഗളൂരു ബോക്സിലേക്കു പന്തുമായി കുതിച്ച ജാപ്പനീസ് താരം ഡെയ്സുകെ സകായെ ബെംഗളൂരുവിന്റെ ജെസ്സൽ ഫൗൾ ചെയ്തു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ലഭിച്ച ഫ്രീകിക്ക് മിലോസ് ഡ്രിൻകിച്ചിലെത്തിക്കാന്‍ ഡെയ്സുകെയ്ക്കു സാധിച്ചു. പക്ഷേ മിലോസിന്റെ ഹെഡർ ബെംഗളൂരു പോസ്റ്റിനു ഭീഷണിയാകാതെ പുറത്തുപോയി.

ഡെയ്സുകെയെ ഫൗൾ ചെയ്തതിന് ജെസ്സലിന് യെല്ലോ കാർഡും ലഭിച്ചു. 33–ാം മിനിറ്റിൽ ഡെയ്സുകെ സകായുടെ ബോക്സിനു വെളിയിൽനിന്നുള്ള ഷോട്ട് ബെംഗളൂരു ഗോളി ഗുർപ്രീത് സിങ് പിടിച്ചെടുത്തു. 35–ാം മിനിറ്റിൽ ബെംഗളൂരുവിന്റെ നവോറം റോഷൻ സിങ്ങിന്റെ വോളി നേരിയ വ്യത്യാസത്തിലാണു പുറത്തേക്കു പോയത്. പന്തിന്റെ ഗതി മനസ്സിലാക്കിയ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് കൃത്യമായി പ്രതിരോധിച്ചു. പന്ത് ബാറിനു മുകളിലേക്കു തട്ടിയിടുകയാണ് സച്ചിൻ ചെയ്തത്. തുടർന്ന് ലഭിച്ച കോർണർ കിക്കും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തട്ടിയകറ്റി. 37–ാം മിനിറ്റിലെ ബെംഗളൂരു താരങ്ങളുടെ ഒരുമിച്ചുള്ള മുന്നേറ്റം തടുത്തുനിർത്തിയത് ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ഡാനിഷ് ഫറൂഖ് ആയിരുന്നു.

41–ാം മിനിറ്റിൽ ബെംഗളൂരു പോസ്റ്റിന്റെ വലതു വശത്തുനിന്ന് ബ്ലാസ്റ്റേഴ്സിന്റെ ഘാന താരം ക്വാമെ പെപ്രയുടെ വോളി ബാറിനു തൊട്ടുമുകളിലൂടെയാണു പുറത്തേക്കു പോയത്. തൊട്ടടുത്ത നിമിഷം ബെംഗളൂരുവിന്റെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്സ് ബോക്സിലെത്താതെ മൊണ്ടെനിഗ്രോ താരം മിലോസ് ഡ്രിൻകിച്ച് ഹെഡ് ചെയ്ത് അകറ്റി. ആദ്യ പകുതിയുടെ ഒടുവിലത്തെ മിനിറ്റുകളിൽ പന്ത് ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.

ആദ്യ പകുതിക്കു സമാനമായി രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണു കളി തുടങ്ങിയത്. ഘാന ഫോർവേഡ് ക്വാമെ പെപ്രയ്ക്ക് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല. ഡെയ്സുകെയുടെ ശ്രമങ്ങളും പാഴായതോടെ ഗാലറിയിൽ ആരാധകരുടെ നിരാശ. ഗാലറിയെ പ്രകമ്പനം കൊള്ളിച്ച ചാന്റുകൾ ശമിച്ചെന്നു തോന്നിച്ച ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡെത്തിയത്. 52–ാം മിനിറ്റില്‍ കോർണർ കിക്ക് തടയുന്നതിലുള്ള പിഴവ് ബെംഗളൂരുവിനെ ചതിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ബെംഗളുരു ബോക്സിനു മുന്നിൽ കനത്ത വെല്ലുവിളിയൊരുക്കിയപ്പോൾ, നെതർലൻഡ്സ് പ്രതിരോധ താരം കെസിയ വീൻഡോർപിനു പിഴച്ചു. താരത്തിന്റെ ശരീരത്തിൽ തട്ടിയ പന്ത് വലയിൽ. ഗാലറിയിൽ ഗോളാവേശം.

ഗോൾ വീണതോടെ പ്രതിരോധത്തിലായ ബെംഗളൂരു മൂന്ന് മാറ്റങ്ങളാണ് ടീമിൽ വരുത്തിയത്. 65–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മിലോസ് ഡ്രിന്‍കിച്ച് പന്തുമായി ബെംഗളൂരു പോസ്റ്റിനെ ലക്ഷ്യമിട്ടു. ക്വാമെ പെപ്രയിൽനിന്നു പന്തു വാങ്ങി ഡ്രിൻകിച്ച് എടുത്ത ഇടം കാൽ ഷോട്ട് ബെംഗളൂരു ഗോളി സേവ് ചെയ്തു. ബെംഗളൂരുവിനു അപ്രതീക്ഷിത പ്രഹരമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. പന്തു തടയുന്നതിൽ ഗോളി ഗുർപ്രീതിനു വന്ന പിഴവ് മുതലാക്കിയത് മഞ്ഞപ്പടയുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ അഡ്രിയൻ ലൂണ. ബോക്സിനു മധ്യത്തിൽനിന്ന് അനായാസം ലൂണ ലക്ഷ്യം കണ്ടതോടെ ഗാലറിയാകെ ഇളകിമറിഞ്ഞു. 69–ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ.

രണ്ടാം ഗോൾ വീണതോടെ മറുപടിക്കായി ബെംഗളൂരു കിണഞ്ഞു പരിശ്രമിച്ചു. 77-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബെംഗളൂരു യുവതാരം മൊനീറുൽ മൊല്ല ബ്ലാസ്റ്റേഴ്സ് ഗോൾ പോസ്റ്റ് ലക്ഷ്യമിട്ടു. ജാവി ഹെർണാണ്ടസിന്റെ അസിസ്റ്റിൽ മൊല്ലയെടുത്ത ഹെഡർ പോസ്റ്റിനു വലതു ഭാഗത്തുകൂടെ പുറത്തേക്കു പോയി. 86–ാം മിനിറ്റിൽ ലഭിച്ചൊരു കോർണറും ബെംഗളൂരു പാഴാക്കി. കോർണറിൽ നിന്ന് പന്തു കിട്ടിയ പരാഗ് ശ്രീവാസ്തവ ഷോട്ട് ഉതിർത്തെങ്കിലും പ്രബീർ ദാസ് ഇതു പ്രതിരോധിച്ചു.

നിശ്ചിത സമയം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ബെംഗളൂരു ഗോളടിച്ചത്. പകരക്കാരനായി ഇറങ്ങിയ ബെംഗളൂരുവിന്റെ യുകെ ഫോർവേഡ് കുർട്ടിസ് മെയ്നാണ് ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സ് ബോക്സിനു നടുവിൽനിന്ന് കുർട്ടിസ് എടുത്ത കിക്ക് ഗോളി സച്ചിനെയും മറികടന്ന് വലയിൽ. അവസാന മിനിറ്റുകളിൽ സമനില പിടിക്കാൻ കുർട്ടിസ് ഒരു ശ്രമം കൂടി നടത്തിയെങ്കിലും സച്ചിൻ സുരേഷ് പ്രതിരോധിച്ചു.

Post a Comment

Previous Post Next Post