(www.kl14onlinenews.com)
(01-Sep-2023)
'ഇന്ത്യ' മുന്നണിയെ നയിക്കാന്‍ 14 അംഗ ഏകോപന സമിതിയെ രൂപീകരിച്ചു; ബിജെപിക്കെതിരെ കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കും
മുംബൈ: 2024 പൊതുതെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ പ്രമേയം പാസ്സാക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം. സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടലിൽ ചർച്ചകൾ ഉടൻ ആരംഭിക്കും. മുന്നണിയെ നയിക്കാൻ 14 അംഗ സമിതിയെ നിയോഗിച്ചു. സമിതിയിൽ നെഹ്രു കുടുംബത്തിൽ നിന്ന് ആരും അംഗങ്ങളായില്ല. 14 പ്രധാന പാർട്ടികളിൽ നിന്നായി ഓരോ പ്രതിനിധിയാണ് സമിതിയിലുള്ളത്. 14 അംഗ സമിതിയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയെ സിപിഎം പിന്നീട് അറിയിക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കെതിരെ കഴിയുന്നത്ര സീറ്റുകളില്‍ ഒന്നിച്ച് മത്സരിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്‍റെ തീരുമാനം.
കോൺഗ്രസിൽ നിന്ന് കെ സി വേണുഗോപാലും, സിപിഐയിൽ നിന്ന് ഡി രാജയും, എൻസിപിയിൽ നിന്ന് ശരദ് പവാറും, ഡിഎംകെയിൽ നിന്ന് എം കെ സ്റ്റാലിനും, ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്ന് സഞ്ജയ് റൗത്തും, ആര്‍ജെഡിയില്‍ നിന്ന് തേജസ്വി യാദവും, തൃണമൂലിൽ നിന്ന് അഭിഷേക് ബാനർജിയും, ജെഎംഎംൽ നിന്ന് ഹേമന്ത് സോറനും, ആം ആദ്‌മിയിൽ നിന്ന് രാഘവ് ഛദ്ദയും, എസ് പിയിൽ നിന്ന് ജാവേദ് അലി ഖാനും ജെഡിയുവില്‍ നിന്ന് ലല്ലൻ സിംഗും, നാഷണൽ കോൺഫറൻസിൽ നിന്ന് ഒമർ അബ്‌ദുള്ളയും പിഡിപിയിൽ നിന്ന് മെഹബുബ മുഫ്‌തിയുമാണ് സമിതി അംഗങ്ങൾ.
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പൊതുറാലികൾ ഉടൻ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ജുഡേഗ ഭാരത്, ജീതേഗ എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്യാംപയിനുകൾ സംഘടിപ്പിക്കാനും ധാരണയായി. മുന്നണിയുടെ ലോഗോ പിന്നീട് പുറത്തിറക്കും.
യോഗത്തിന് ശേഷമുള്ള വാര്‍ത്തസമ്മേളനത്തില്‍ പ്രമുഖ നേതാക്കളെല്ലാം പ്രധാനമന്ത്രി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ഇന്ത്യ മുന്നണിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയും ചെയ്തു. വരും ദിവസങ്ങളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് നേതാക്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയും അദാനിയും അഴിമതിയുടെ കൂട്ടുകെട്ടാണെന്നാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഈ വേദിയിലിരിക്കുന്നവര്‍ രാജ്യത്തെ 60 ശതമാനം ജനങ്ങളേയും പ്രതിനിധീകരിക്കുന്നു. ഞങ്ങള്‍ ഒന്നിച്ച് മുന്നോട്ട് പോകുമ്പോള്‍ ബിജെപിക്ക് പരാജയപ്പെടുത്താനാകില്ല. ഇന്ത്യ മുന്നണി ബിജെപിയെ കീഴ്പ്പെടുത്തുമെന്ന് ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യം ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും ഇന്ത്യ മുന്നണി അതിന് അവസാനം കുറിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി മോദി സര്‍ക്കാരിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
ഇന്ത്യ മുന്നണിയെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളും പുറത്ത് നടക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. മുന്നണിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നത് തെറ്റായ പ്രചരണമാണെന്നും എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
സീറ്റ് വിഭജനം ഒരു വിഷയമല്ലെന്നും ആവശ്യമെങ്കില്‍ പിന്‍ സീറ്റിലിരിക്കാനും തയാറാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും പറഞ്ഞു.
Post a Comment