'ഇന്ത്യ' യോഗത്തിലേക്ക് കപില്‍ സിബലിന്റെ സര്‍പ്രൈസ് എന്‍ട്രി!

(www.kl14onlinenews.com)
(01-Sep-2023)

'ഇന്ത്യ' യോഗത്തിലേക്ക് കപില്‍ സിബലിന്റെ സര്‍പ്രൈസ് എന്‍ട്രി!
മുംബൈയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം തുടരുകയാണ്. രണ്ടാം ദിനമായ ഇന്ന് രാജ്യസഭാ എംപി കപില്‍ യോഗത്തിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തിയത് കോണ്‍ഗ്രസില്‍ അതൃപ്തിക്കിടയാക്കി. ചില നേതാക്കള്‍ ഫോട്ടോ സെഷനില്‍ സിബലിന്റെ സാന്നിധ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. കപില്‍ സിബല്‍ ഔദ്യോഗിക ക്ഷണിതാവായിരുന്നില്ല.

രോഷത്തോടെ കെ സി വേണുഗോപാൽ

ഫോട്ടോ എടുക്കുന്നതിന് മുമ്പ് കപില്‍ സിബല്‍ യോഗത്തിനെത്തിയത് സംബന്ധിച്ച് ഉദ്ധവ് താക്കറെയോട് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പരാതിപ്പെട്ടു. എന്നാല്‍, ഫാറൂഖ് അബ്ദുള്ളയും അഖിലേഷ് യാദവും വേണുഗോപാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ തനിക്ക് ആരോടും വിരോധമില്ലെന്ന് രാഹുല്‍ ഗാന്ധി പോലും പറഞ്ഞു.ഒടുവില്‍ കപില്‍ സിബലും ഫോട്ടോ സെഷന്റെ ഭാഗമായി.

സിബല്‍ കോണ്‍ഗ്രസ് വിട്ട് എസ്പിയിലെത്തി

2022 മേയിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ വലിയ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കപില്‍ സിബല്‍ കേന്ദ്ര നിയമമന്ത്രി മുതല്‍ മാനവവിഭവശേഷി വികസന മന്ത്രി വരെയായി. എന്നാല്‍ ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വത്തോട് അമര്‍ഷത്തിലായിരുന്നു. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം ഡല്‍ഹിയുടെ രാഷ്ട്രീയത്തില്‍ ഒരു പ്രധാന പങ്കുവഹിച്ചിരുന്നു.രാജ്യസഭാ നാമനിര്‍ദ്ദേശത്തിന് ശേഷം സിബല്‍ പറഞ്ഞത് ഞാനൊരു കോണ്‍ഗ്രസ് നേതാവായിരുന്നു, എന്നാല്‍ ഇപ്പോഴല്ല എന്നാണ്.

ഇന്നത്തെ യോഗം

മുംബൈയിൽ നടക്കുന്ന ഇന്ത്യയുടെ മൂന്നാം യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോർഡിനേഷൻ കമ്മിറ്റി രൂപീകരണം ഉൾപ്പെടെ നിരവധി സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സഖ്യത്തിന്റെ ലോഗോ പ്രകാശനം ഇന്ന് ഉണ്ടാകില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാനുള്ള പ്രചാരണ തന്ത്രം രൂപപ്പെടുത്താനും പ്രതിപക്ഷത്തിന്റെ ഔപചാരിക ഘടനയ്ക്ക് അന്തിമരൂപം നൽകാനും സഖ്യം ലക്ഷ്യമിടുന്നു .

സമ്മേളനത്തിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകോപന സമിതി രൂപീകരണമാണ്. കേന്ദ്രം, സംസ്ഥാനം എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങൾ കണക്കിലെടുത്ത് ഏകോപന സമിതിയുടെയും മറ്റ് ഗ്രൂപ്പുകളുടെയും രൂപീകരണം ഉടൻ നടത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് സഖ്യകക്ഷികൾ. കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ചേരാന്‍ ഓരോ നേതാവിന്റെ പേര് വീതം നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സഖ്യത്തിന് വേണ്ടി ഹാജരാകുന്ന വക്താക്കളുടെ ഒരു ടീമിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു. യോഗത്തിന് ശേഷം സഖ്യത്തിന്റെ നേതാക്കള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും.

ഇന്ത്യാ ബ്ലോക്കിലെ ഘടകകക്ഷികൾ തമ്മിലുള്ള ഏകോപനം സുഗമമാക്കുന്നതിന് ഒരു പുതിയ സെക്രട്ടേറിയറ്റും യോഗത്തിൽ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് രാജ്യതലസ്ഥാനത്ത് സ്ഥാപിക്കാനാണ് സാധ്യത. വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം യോഗത്തിൽ പ്രധാന സ്ഥാനം നേടി. സീറ്റ് വിഭജനത്തിൽ സെപ്തംബർ 30ന് തീരുമാനമെടുക്കുമെന്ന് സഖ്യം അറിയിച്ചു.

പങ്കെടുത്ത നേതാക്കള്‍

ഈ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന (യുബിടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബാനര്‍ജി, എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്രിവാള്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ്, തമിഴ്‌നാട് മുഖ്യമന്ത്രി മന്ത്രി എം കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

ഇതിനുപുറമെ, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, സിപിഐഎമ്മിന്റെ സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, സിപിഐ(എംഎല്‍) ദീപാങ്കര്‍ ഭട്ടാചാര്യ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി എന്നിവരും യോഗത്തിനെത്തി.

Post a Comment

Previous Post Next Post