(www.kl14onlinenews.com)
(13-Sep-2023)
കാസർകോട് : ജനറൽ ആശുപത്രിയിൽ സേവനങ്ങളുടെ നിരക്ക് കൂട്ടിയത് രോഗികൾക്ക് ഇരുട്ടടി. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങൾക്ക് വൻതുക ഈടാക്കാനും നിലവിലുള്ള നിരക്ക് ഇരട്ടിയായി വർധിപ്പിക്കാനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. തീരുമാനം ഒക്ടോബർ 1 മുതൽ നിലവിൽ വരും . സാമ്പത്തിക പ്രതിസന്ധി എന്ന് അധികൃതർ.
വിവിധ സേവനങ്ങൾക്ക് പുതുതായി നിരക്ക് ഏർപ്പെടുത്തിയതും ഉള്ളത് വർധിപ്പിച്ചതും ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണെന്ന് സൂപ്രണ്ട് ഡോ. എ.ജമാൽ അഹമ്മദ് പറഞ്ഞു. ഏപ്രിൽ മുതൽ വൈദ്യുതി, വെള്ളക്കരം, അലക്കു കൂലി, ഡയറ്റ് ചാർജ് എന്നിവ സർക്കാരും നഗരസഭയും നൽകുന്നില്ല.
നേരത്തെ സർക്കാർ തന്നിരുന്നു. കെഎസ്ഇബി, വെളളക്കരം എന്നിവ അടക്കം പ്രതിമാസം ചെലവ് 10 ലക്ഷത്തോളം രൂപ വരും. വൈദ്യുതി ചാർജ് ഇനത്തിൽ മാത്രം പ്രതിമാസം അഞ്ചര ലക്ഷത്തോളം രൂപ വേണം.
ലാബിൽ ആവശ്യമായതുൾപ്പെടെ എക്സ്റേ ഫിലിം തുടങ്ങിയവ വാങ്ങിയതിന് 22 ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട്. ആശുപത്രി വികസന സമിതി, ഇൻഷുറൻസ് ഫണ്ട് എന്നിവയിൽ നിന്നായിരുന്നു ഇത് നൽകിയിരുന്നത്.
ഇൻഷുറൻസ് ഫണ്ടും ഇപ്പോൾ കിട്ടുന്നില്ല. ആശുപത്രി വികസന സമിതിയിലും ആവശ്യത്തിനു ഫണ്ടില്ല. ലിഫ്റ്റ് നവീകരണത്തിന് 14 ലക്ഷം രൂപ ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്നാണ് ചെലവിട്ടത്. ജനറൽ ആശുപത്രിയിലെ
എൺപതോളം താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും നൽകിയിട്ടില്ല. ആശുപത്രി വികസന സമിതി ഫണ്ട്, ഇൻഷുറൻസ് ഫണ്ട് എന്നിവ കിട്ടാത്തതു തന്നെ ഇതിനും കാരണം. ജില്ലാ ആശുപത്രിയിൽ 2 വർഷം മുൻപ് തന്നെ ഫീസ് വർധിപ്പിച്ചിരുന്നു. ആ വർധന ജനറൽ ആശുപത്രിയിൽ ഇല്ലെന്നും അധികൃതർ പറഞ്ഞു.
പുതുക്കിയ നിരക്ക്
ഒപി ടിക്കറ്റ്, സന്ദർശക പാസ് നിരക്ക് എന്നിവ 5 രൂപയിൽ നിന്ന് 10 രൂപയായും ഇൻപേഷ്യന്റ് വിഭാഗം അഡ്മിഷൻ ടിക്കറ്റ് നിരക്ക് 10 രൂപ ഉള്ളത് 20 രൂപയായും ഉയർത്തി. മുറിവു കെട്ടാൻ (ഡ്രസിങ് ചാർജ്) നേരത്തെ ഫീസ് എടുത്തിരുന്നില്ല. ഫിസിയോ തെറപ്പി ചാർജ് ആഴ്ചയിൽ 30 രൂപയായിരുന്നു നിരക്ക്.
അത് ദിവസം 25 രൂപയായി വർധിപ്പിച്ചു. മേജർ സർജറി, ഓഡിയോളജി എന്നിവയ്ക്കു 100 രൂപ വീതം ഉള്ളത് 150 രൂപ വീതമായും ഉയർത്തി.
ഇഎൻടി, ലേസർ തെറപ്പി സേവനങ്ങൾക്ക് നിലവിൽ
നിരക്ക് ഇല്ല. എന്നാൽ ഇനി മുതൽ ഇഎൻടി 20 രൂപ, ലേസർ തെറപ്പി 200 രൂപയും ഈടാക്കും.
Post a Comment