രാജധാനി എക്സ്പ്രസിന് കല്ലേറ്: 50 ഓളം പേര്‍ പൊലീസ് കസ്റ്റഡിയില്‍

(www.kl14onlinenews.com)
(22-Aug-2023)

രാജധാനി എക്സ്പ്രസിന് കല്ലേറ്: 50 ഓളം പേര്‍ പൊലീസ് കസ്റ്റഡിയില്‍
കാസര്‍കോട്: കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അന്‍പതോളം പേരെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയില്‍വേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എസി കോച്ചില്‍ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു.

ഇന്നലെ വൈകിട്ട് 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.
റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണം നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

പ്രദേശത്ത് സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കിന് സമീപമുള്ള വീടുകളില്‍ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യ നിരീക്ഷണം നടത്തും. തീവണ്ടികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് നിരീക്ഷണവും ശക്തമാക്കും.

ഒരാഴ്ച്ചയ്ക്കിടെ മാത്രം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 5 ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. തിരുവനന്തപുരം- നേത്രാവതി എക്‌സ്പ്രസ്, ചെന്നെ സൂപ്പര്‍ ഫാസ്റ്റ്, ഓഖ-എറണാകുളം എക്‌സ്പ്രസ് എന്നീ മൂന്ന് ട്രെയിനുകള്‍ക്ക് നേരെ ഒരേ സമയമാണ് കല്ലേറുണ്ടായിരുന്നു. കണ്ണൂര്‍ സൗത്ത്, വളപട്ടണം, നീലേശ്വരം, എന്നിവിടങ്ങളില്‍ നിന്നാണ് കല്ലേറുണ്ടായത്. വന്ദേഭാരത്,രാജധാനി എന്നവയാണ് കല്ലേറുണ്ടായ മറ്റ് ട്രെയിനുകള്‍.

കഴിഞ്ഞ ദിവസം കുശാല്‍ നഗറിനും, കാഞ്ഞങ്ങാടിനുമിടയിലാണ് രാജധാനിക്ക് നേരെ കല്ലേറുണ്ടായത്. അടിക്കടിയുണ്ടാകുന്ന കല്ലേറിനു പിന്നില്‍ അട്ടിമറി സാധ്യത ഉണ്ടോയെന്ന് റെയില്‍വേ പൊലീസ് പരിശോധിക്കുന്നുണ്ട്.

കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി ട്രെയിന്‍ കടന്നു പോകവെ കളനാട് തുരങ്കത്തിന് സമീപം റെയില്‍പാളത്തില്‍ ക്ലോസറ്റ് കഷണവും കല്ലും കണ്ടെത്തിയ സംഭവത്തിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post