തകർത്തടിച്ച് ജയ്സ്വാൾ- ഗിൽ സഖ്യം; വിൻഡീസിനെതിരെ 4–ാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം; പരമ്പരയിൽ ഒപ്പമെത്തി

(www.kl14onlinenews.com)
(13-Aug-2023)

തകർത്തടിച്ച് ജയ്സ്വാൾ- ഗിൽ സഖ്യം; വിൻഡീസിനെതിരെ 4–ാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം; പരമ്പരയിൽ ഒപ്പമെത്തി
ലോഡർഹിൽ (ഫ്ലോറി‍ഡ) : പരീക്ഷണങ്ങളുടെ ഘോഷയാത്രയ്ക്കൊടുവിൽ ഇന്ത്യൻ ബാറ്റിങ് നിര ട്രാക്കിലായി! വെസ്റ്റിൻഡീസിനെതിരായ 4–ാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇതോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ വെസ്റ്റിൻഡീസിന് ഒപ്പമെത്തി (2–2). ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 17 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. അപരാജിത അർധ സെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച യശസ്വി ജയ്സ്വാളാണ് (84*) പ്ലെയർ ഓഫ് ദ് മാച്ച്. ഇന്നാണ് പരമ്പരയിലെ അവസാന മത്സരം. രാത്രി 8 മുതൽ ഡിഡി സ്പോർട്സിൽ തത്സമയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കൈൽ മെയേഴ്സിനെ (7 പന്തിൽ 17) നഷ്ടമായി. സഹ ഓപ്പണർ ബ്രണ്ടൻ കിങ്ങും (16 പന്തിൽ 18) വൈകാതെ മടങ്ങിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 55 എന്ന നിലയിലായിരുന്നു വിൻഡീസ്. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ വിൻഡീസിനെ സമ്മർദത്തിലാക്കി. ഒരറ്റത്ത് ഉറച്ചുനിന്ന ഷായ് ഹോപ്പാണ് (29 പന്തിൽ 45) മധ്യനിരയിലെ കൂട്ടത്തകർച്ച ഒഴിവാക്കിയത്. അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി കളം നിറഞ്ഞ ഷിമ്രോൺ ഹെറ്റ്മെയറാണ് (39 പന്തിൽ 61) വിൻഡീസിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അർഷ്ദീപ് സിങ് 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (51 പന്തിൽ 84 നോട്ടൗട്ട്) ശുഭ്മൻ ഗില്ലും (47 പന്തിൽ 77) ചേർന്ന് ഒന്നാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. 5 സിക്സും 3 ഫോറും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്സ്. ജയ്സ്വാൾ 3 സിക്സും 11 ഫോറും നേടി.,

Post a Comment

Previous Post Next Post