(www.kl14onlinenews.com)
(Aug -09-2023)
ഹർഷിനയ്ക്ക് നീതി അകലെ; വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, പോലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ പൊലീസും ഡോക്ടർമാരും രണ്ട് തട്ടിൽ. കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന് പൊലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ് രംഗത്തെത്തി. കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വാദം. കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന് പൊലീസ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.
എന്നാൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിൽനിന്നാണെന്ന് എംആർഐ റിപ്പോർട്ട് പ്രകാരം മാത്രം തീരുമാനിക്കാൻ പറ്റില്ലെന്ന നിലപാടാണ് മെഡിക്കൽ ബോർഡിലെ ഭൂരിഭാഗം ഡോക്ടർമാരും സ്വീകരിച്ചത്. ബോർഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മറ്റുള്ളവരും അനുകൂലിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ രണ്ടാമത്തെ പ്രസവ ശസ്ത്രക്രിയയിൽ കത്രിക കുടുങ്ങിയതാകാമെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽ ഹർഷിന അറിയാതെ പോയതായിരിക്കാം, ആർട്ടറിഫോർസെപ്സ് നേരത്തെ വയറ്റിൽ ഉണ്ടായിരുന്നെങ്കിലും സ്കാനിങ്ങിൽ അതു കാണാതെ പോയതായിരിക്കാം തുടങ്ങിയ വാദങ്ങൾ റേഡിയോളജിസ്റ്റ് ബോർഡിനു മുൻപാകെ ഉന്നയിച്ചതായാണു വിവരം.
അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് അസി. കമ്മിഷണർ കെ.സുദർശനും ഗവ. പ്ലീഡർ ജയദീപും ഈ നിലപാടിനോടു വിയോജിച്ചു. നീതി തേടി ഹർഷിന മെഡിക്കൽ കോളജിനു മുൻപിൽ നടത്തുന്ന സമരം 79 ദിവസം പിന്നിട്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടിയും ഹർഷിനയ്ക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
∙ റേഡിയോളജിസ്റ്റിന് മാറ്റം
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ. മിനിമോൾ മാത്യുവിനെയാണ് മെഡിക്കൽ ബോർഡിലെ റേഡിയോളജി വിഭാഗം ഡോക്ടറായി ആദ്യം നിയമിച്ചത്. എന്നാൽ പിന്നീട് ഡോ. പി.ബി.സലീമിനെ അംഗമാക്കി. പൊലീസ് റിപ്പോർട്ട് തള്ളുന്നതിനു വേണ്ടിയാണ് ഇത്തരമൊരു മാറ്റമെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഡോ. മിനിമോൾ മാത്യു അവധിയായതിനാലാണു മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.
∙ സംസ്ഥാന സമിതിയെ സമീപിക്കാം
പൊലീസ് റിപ്പോർട്ട് ജില്ലാ തല വിദഗ്ധ സമിതി തള്ളിയാൽ ഹർഷിനയ്ക്കോ അന്വേഷണ ഉദ്യോഗസ്ഥനോ സംസ്ഥാന തല സമിതിക്കു അപ്പീൽ നൽകാം. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇതിന്റെ ചെയർമാൻ. മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന റിപ്പോർട്ട് ജില്ലാ തല സമിതി അംഗീകരിച്ചാൽ മാത്രമേ പൊലീസിനു തുടർനടപടികളുമായി മുന്നോട്ടു പോകാൻ കഴിയൂ.
Post a Comment