പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

(www.kl14onlinenews.com)
(30-Aug-2023)

പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കാസർകോട്:
കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ‌ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിദ്യാർത്ഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയത്.

അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ആണ് അപകടത്തിൽ മരിച്ചത്. ഇതിനു പിന്നാലെ പൊലീസ് പിന്തുടർന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെ അപകടമുണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തിൽ ഫർഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

അതേസമയം,
പൊലീസ് പിന്തുടര്‍ന്നതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിൽ പറയുന്നുണ്ട്.

പൊലീസ് കിലോ മീറ്ററുകളോളം വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് എംഎല്‍എ എകെഎം അഷ്‌റഫ് ആരോപിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായത്. പൊലീസ് വരുത്തിവെച്ച മരണമാണ്. നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും എകെഎം അഷ്‌റഫ് പറഞ്ഞിരുന്നു. സംഭവത്തില്‍ ചൊവ്വാഴ്ച കാസര്‍കോഡ് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസാണ് മരിച്ചത്. മംഗളൂരുവിലെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പൊലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. എന്നാല്‍ പൊലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്‍ പെടുകയും വാഹനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നുമാണ് ആരോപണം.

Post a Comment

أحدث أقدم