പുതുപ്പള്ളിയില്‍ മാസപ്പടി പ്രചാരണവിഷയം; മുഖ്യമന്ത്രി മറുപടി പറയണം: സതീശന്‍

(www.kl14onlinenews.com)
(16-Aug-2023)

പുതുപ്പള്ളിയില്‍ മാസപ്പടി പ്രചാരണവിഷയം; മുഖ്യമന്ത്രി മറുപടി പറയണം: സതീശന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ചര്‍ച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി പറയേണ്ടത്. അടുത്തിടെ പുറത്തുവന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയേണ്ട ആളാണ്. എഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി വിവാദം തുടങ്ങിയ കാര്യങ്ങളില്‍ ആരോപണം ഉയരുമ്പോള്‍ മറുപടി പറയേണ്ടവര്‍ ഓടിയൊളിക്കുകയാണ്. മറുപടി പാര്‍ട്ടി പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മുഖ്യമന്ത്രി ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ആര്‍ക്കും ഒരു ചോദ്യവും ചോദിക്കാന്‍ പറ്റില്ല. പെന്‍ഷന്‍ പോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ആറ് മാസത്തിലധികമായി കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. സംസ്ഥാനത്ത് എല്ലാ വികസനപ്രവര്‍ത്തനവും സ്തംഭിച്ചു. സപ്ലൈകോയെ കെഎസ്ആര്‍ടിസി പോലെയാക്കി. വെള്ളക്കരവും വൈദ്യുതി ചാര്‍ജ്, ഇന്ധന സെസ് എല്ലാ കൂട്ടി എന്നിട്ടാണ് വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്.

പിണറായി വിജയന്‍ മോദിയെ പിന്തുടരുകയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നു. സർക്കാരിനെതിരായ അഴിമതി കേസുകൾ അന്വേഷിക്കാൻ തയ്യാറാവുന്നില്ല. ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്കെതിരെയും കേസ് എടുത്തു. മാസപ്പടി ആരോപണം ഉയര്‍ത്തിയതിന് മാത്യു കുഴല്‍നാടനെതിരെ കേസ് എടുത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post