(www.kl14onlinenews.com)
(29-Aug-2023)
ന്യൂഡൽഹി : യാത്രക്കാരുടെ എണ്ണം കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ കണ്ടെത്തി സാധാരണ സ്ലീപ്പർ കോച്ചുകളായി മാറ്റാൻ മേഖലാ അധികാരികളോട് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയം. അതിലൂടെ ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാവുമെന്നാണു പ്രതീക്ഷ.
പകൽ സമയങ്ങളിൽ വളരെ കുറഞ്ഞ യാത്രക്കാർ മാത്രമുള്ളതോ വളരെ കുറഞ്ഞ ആവശ്യക്കാരുള്ളതോ ആയ ട്രെയിനുകളിലെ ജനറൽ സ്ലീപ്പർ ക്ലാസ് (ജിഎസ്‌സിഎൻ) കോച്ചുകൾ അൺറിസർവ്ഡ് (ജിഎസ്) കോച്ചുകളായി മാറ്റാൻ നിർദേശിച്ച് ഓഗസ്റ്റ് 21 നാണ് റെയിൽവേ ബോർഡ് നിർദേശം പുറപ്പെടുവിച്ചത്.
പ്രാദേശിക യാത്രക്കാർ, പ്രതിദിന യാത്രക്കാർ എന്നിവർക്ക് ഇതു പ്രയോജനം ചെയ്യുമെന്നതിനൊപ്പം റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും ഇക്കാര്യത്തിൽ വേഗത്തിലുള്ള നടപടി പ്രതീക്ഷിക്കുന്നുവെന്നും റെയിൽവേ ബോർഡിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നു.
എസി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18-24 ബെർത്തുകൾ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും ടു ടയർ എസി കോച്ചിന് 48–54 ബെർത്തുകൾ ഉൾക്കൊള്ളാൻ കഴിയും. ത്രീ ടയർ എസി കോച്ചിൽ 64-72 ബർത്തും സ്ലീപ്പർ കോച്ചുകളിൽ 72-80 ബർത്തും ഉൾപ്പെടുന്നു. റിസർവ് ചെയ്യാത്ത ഒരു കോച്ചിൽ 90 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെങ്കിലും സാധാരണയായി 180-ലധികം യാത്രക്കാരെ അവയ്ക്കുള്ളിൽ കാണാറുണ്ട്.
Post a Comment