'നമ്മളൊന്ന് ' സ്വാതന്ത്ര്യ ദിനത്തിൽ ഒത്തൊരുമയുടെ മനുഷ്യ ഭൂപടം തീർത്ത മുക്കൂട് ജി എൽ പി സ്‌കൂൾ

(www.kl14onlinenews.com)
(16-Aug-2023)

'നമ്മളൊന്ന് ' സ്വാതന്ത്ര്യ ദിനത്തിൽ ഒത്തൊരുമയുടെ മനുഷ്യ ഭൂപടം തീർത്ത മുക്കൂട് ജി എൽ പി സ്‌കൂൾ
അജാനൂർ : മുൻ നിരയിൽ സുരക്ഷ ഒരുക്കാൻ ആയുധ ധാരികളായ ജവാന്മാർ , പിറകിൽ ബാപ്പുജിയും , ചാച്ചാജിയും , നേതാജിയും , ഭഗത് സിംഗും , ചാൻസി റാണിയും , അതിന്റെ പിറകിൽ ദേശീയ പതാകയുമേന്തി സമര സേനാനികൾ , കഴുത്തിൽ ഷാളണിഞ്ഞ സമര നേതാക്കൾ . അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യ സമരത്തെ തന്നെ അനാവരണം ചെയ്യുന്ന ദൃശ്യ വിസ്മയമായി മാറി മുക്കൂട് ജി എൽ പി സ്‌കൂളിലെ നമ്മളൊന്ന് സ്വാതന്ത്ര്യ ദിന റാലി . അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും റാലിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചപ്പോൾ നാടിൻറെ തന്നെ ഉത്സവമായി മാറി പിടിഎ കമ്മിറ്റിയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നമ്മളൊന്ന് സ്വാതന്ത്ര്യ ദിന പരിപാടികൾ .

രാവിലെ ഒമ്പത് മണിയുടെ അസ്സംബ്ലിയിൽ പ്രഥമാധ്യാപിക ശൈലജ ടീച്ചർ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന പരിപാടിക്ക് തുടക്കം കുറിച്ചു . തുടർന്ന് പ്രാർത്ഥനയും സ്വാതന്ത്ര്യ ദിന പ്രതിജ്ഞയും നടന്നു . തിവർണ്ണത്തിൽ മുങ്ങി കുളിച്ച സ്‌കൂളിന്റെ സൗന്ദര്യം രക്ഷിതാക്കളിലും , നാട്ടുകാരിലും , കുട്ടികളിലും ദേശ സ്നേഹം ഊട്ടി ഉറപ്പിക്കാൻ സഹായകമായി . തുടർന്ന് നടന്ന വർണ്ണ ശബളമായ റാലിയിൽ നിരവധി ആളുകൾ അണി നിരന്നു . കയ്യിൽ ദേശീയ പതാകയുടെ നിറമുള്ള റിബൺ കെട്ടി ഫരീദ ടീച്ചറുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു കുട്ടികൾ പ്രതികരിച്ചപ്പോൾ മാസ്സ് ഡ്രിൽ കാഴ്ചക്കാരുടെ കണ്ണുകൾക്ക് ആനന്ദം പകർന്നു നൽകി . തുടർന്ന് നമ്മളൊന്ന് എന്ന ആശയം സമൂഹത്തിലേക്ക് പകർന്നു നൽകുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തോളോട് തോൾ ചേർന്ന് നിന്ന് ഇന്ത്യൻ ഭൂപടം ഉണ്ടാക്കി . ചിത്രകാരനായ സജിത്താണ് ഭൂപടത്തിന്റെ മാതൃക വരച്ചത് .

തുടർന്ന് പൊതു യോഗം നടന്നു . യോഗം അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് കെ ഉദ്‌ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ചു . സ്‌കൂളിലെ കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി കാൽ ലക്ഷം രൂപ ചിലവിൽ ബദർ ചാരിറ്റി സെന്റർ കാരക്കുന്ന് നൽകുന്ന വാട്ടർ ഫിൽറ്ററിന്റെ ഫണ്ട് ചാരിറ്റി പ്രതിനിധി കലന്തർ ഷായിൽ നിന്നും പ്രഥമാധ്യാപിക ശൈലജ ടീച്ചർ ഏറ്റു വാങ്ങി . തുടർന്ന് സ്‌കൂളിൽ നിന്നും കഴിഞ്ഞ പ്രാവശ്യം എൽ എസ് എസ് നേടിയ വിദ്യാർത്ഥികളായ മുഹമ്മദ് എൽ കെ , മുഹമ്മദ് അസീം എ എന്നീ വിദ്യാർത്ഥികൾക്ക് ബാലസംഘം കുന്നത്ത്ക്കടവ് ഏർപ്പെടുത്തിയ മൊമെന്റോ കെ സബീഷ് വിതരണം ചെയ്തു . ഹരിതസേന സേവകരായി ബിന്ദു പാദിക്കണം , രമണി കളരിക്കൽ എന്നിവരെ അനുമോദിച്ചു . ജനപ്രതിനിധികളായ എം ബാലകൃഷ്ണൻ , എം ജി പുഷ്പ , ഹാജറ സലാം എസ് എം സി ചെയർമാൻ എം മൂസാൻ , ബാലസംഘം പ്രതിനിധി അഭിലാഷ് കുന്നത്ത് കടവ് , മദർ പിടിഎ പ്രസിഡണ്ട് റീന രവി എന്നിവർ സംസാരിച്ചു . ശൈലജ ടീച്ചർ സ്വാഗതവും ശ്രുതി ടീച്ചർ നന്ദിയും പറഞ്ഞു .

തുടർന്ന് സ്‌കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ ദിന ക്വിസ്സ് നടന്നു . വാശിയേറിയ മത്സരത്തിൽ ധന്യ കെ , ജീഷ്മ എസ് കെ , ശമീമ എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി . അവസാനം രാജ്യത്തിൻറെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനത്തിൽ നമ്മളൊന്ന് എന്ന ആശയം പരസ്പരം കൈമാറി എല്ലാവരും പായസവും കുടിച്ചു പിരിഞ്ഞു പോയി .

Post a Comment

Previous Post Next Post