വെള്ളച്ചാട്ടത്തില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; പ്രതിയായ പൊലീസുകാർ കസ്റ്റഡിയിൽ

(www.kl14onlinenews.com)
(16-Aug-2023)

വെള്ളച്ചാട്ടത്തില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; പ്രതിയായ പൊലീസുകാർ കസ്റ്റഡിയിൽ
പിറവം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ യുവതികളോട് പൊലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. മൂവാറ്റുപുഴ സ്റ്റേഷനിലെ 2 സിവില്‍ പൊലീസ് ഓഫിസര്‍മാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മഫ്തിയിലെത്തിയ ഇരുവരും യുവതികളോട് കയര്‍ക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതികള്‍ പറയുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സ്വാതന്ത്ര്യ ദിന അവധി ദിവസമായതിനാല്‍ അരീക്കല്‍ വെള്ളച്ചാട്ടത്തിലും സമീപ പ്രദേശങ്ങളിലും നല്ല തിരക്കായിരുന്നു. പരാതിക്കാരായ യുവതികള്‍ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്താണ് നിന്നിരുന്നത്. ഇതിനിടെ യുവതികള്‍ ഉള്‍പ്പെടുന്ന സംഘത്തോട് പൊലീസുകാര്‍ കയര്‍ത്തു. പിന്നാലെ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. ഉടന്‍ തന്നെ യുവതികള്‍ പ്രതികരിച്ചു. സംഭവത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ സംഘര്‍ഷമായി. ഇതിനിടെ വിവരമറിഞ്ഞ് രാമമംഗലം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നാട്ടുകാര്‍ വളഞ്ഞുവെച്ച പൊലീസുകാരെ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. ഇരുവരും കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇതിനിടെ പരാതി നല്‍കിയിട്ടും പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വൈകിയെന്ന് യുവതികള്‍ ആരോപിച്ചു. ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പിന്നീട് സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്‌റ്റേഷനില്‍ വൈകിട്ട് ആറ് മണിയോടെ എത്തിയിരുന്നു. എന്നാല്‍ രാത്രി ഒരു മണിക്കാണ് മടങ്ങിയത്. ആരോപണവിധേയരായ പൊലീസുകാര്‍ പലതവണ ശരീരത്ത് മോശമായി സ്പര്‍ശിച്ചെന്നും ഉപദ്രവിച്ചെന്നും യുവതികള്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post