(www.kl14onlinenews.com)
(14-Aug-2023)
‘ഹാര്‍ദിക്കിന്റെ പ്രകടനത്തില്‍ ആശങ്ക, മറ്റ് താരങ്ങള്‍ക്കും സമ്മര്‍ദം’; തോല്‍വിക്ക് പിന്നാലെ നായകന് കൊട്ട്
വെസ്റ്റ് ഇന്‍ഡീസിനെതിര ട്വന്റി 20 പരമ്പര നഷ്ടമായതിന് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം വസിം ജാഫര്‍. പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് കേവലം 77 റണ്‍സാണ് ഹാര്‍ദിക്കിന് നേടാനായത്. താരത്തിന്റെ പ്രഹരശേഷിയാവട്ടെ 110 മാത്രമാണ്.
“ഹാര്‍ദിക്കിന്റെ കാര്യം അല്‍പ്പം ആശങ്ക നല്‍കുന്നതാണ്, പരുക്കന്‍ സമീപനമാണ് താരം സ്വീകരിക്കുന്നത്. അനായാസമായി റണ്‍സ് കണ്ടെത്തുന്ന ഹാര്‍ദിക്കിനെ പരമ്പരയില്‍ കാണാനായില്ല,” ജാഫര്‍ വ്യക്തമാക്കി.
“ഏകദിനത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും വളരെ പതിയെയായിരുന്നു തുടങ്ങിയത്. അവസാന ഓവറുകളിലാണ് പോരായ്മകള്‍ നികത്തിയത്. അപ്പോള്‍ പോലും ഹാര്‍ദിക്കിന്റെ സ്വാഭാവികമായ ശൈലി കാണാനായിരുന്നില്ല,” ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട താരമാണ് ഹാര്‍ദിക്ക്.
“ഹാര്‍ദിക്കിന്റെ പ്രകടനം എനിക്ക് ആശങ്ക നല്‍കുന്നു. ഹാര്‍ദിക്കിന്റെ പരമ്പരയിലെ പ്രകടനം കണക്കാക്കുമ്പോള്‍ വലിയ ആശങ്ക തന്നെയാണ്. എല്ലാ തവണയും ഹാര്‍ദിക് പതിയയല്ല തുടങ്ങുന്നത്, എന്നാല്‍ നല്ല രീതിയില്‍ അവസാനിപ്പിക്കാറുണ്ട്. അതാണ് വിന്‍ഡീസ് പരമ്പരയില്‍ കണ്ടതും,” ജാഫര്‍ പറഞ്ഞു.
“ഹാര്‍ദിക് ക്രീസിലെത്തുമ്പോള്‍ സ്കോറിങ്ങിന്റെ വേഗത ഇടിയുന്നു. അത് ക്രീസിലുള്ള മറ്റ് താരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്ന ഒന്നാണ്. ഇത് മെച്ചപ്പെടുത്തേണ്ടതുണ്ട്,” ജാഫര്‍ ചൂണ്ടിക്കാണിച്ചു.
വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര 2-3 എന്ന മാര്‍ജിനിലാണ് ഇന്ത്യ പരാജയപ്പെട്ടത്.
Post a Comment