(www.kl14onlinenews.com)
(12-Aug-2023)
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേര് സ്വീകരിക്കുകയായിരുന്നു.
1970ൽ 5ാം ക്ലാസിൽ പഠിക്കുമ്പോളാണ് വിളയിൽ ഫസീല മാപ്പിളപ്പാട്ടിലേക്ക് എത്തുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടിയാണ് ഫസീലയെ പാട്ടിന്‍റെ ലോകത്തെത്തിച്ചത്.
കിരികിരി ചെരിപ്പുമ്മൽ അണഞ്ഞുള്ള പുതുനാരി, ആമിന ബീവിക്കോമന മോനേ, ഹജ്ജിന്‍റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു, മക്കത്തെ രാജാത്തിയായി, മുത്തിലും മുത്തൊളി, കടലിന്‍റെയിക്കരെ വന്നോരെ ഖല്‍ബുകള്‍ വെന്തു പുകഞ്ഞോരെ, ആകെലോക കാരണമുത്തൊളി, ഉടനെ കഴുത്തെന്‍റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണി മഞ്ചലില്‍ തുടങ്ങിയവയാണ് പ്രധാന പാട്ടുകൾ.
മണവാട്ടി കരംകൊണ്ട് (പതിനാലാം രാവ്), കൊക്കരക്കൊക്കര കോയിക്കുഞ്ഞേ (മൈലാഞ്ചി), തക്കാളിക്കവിളത്ത് (സമ്മേളനം), ഫിർദൗസിൽ അടുക്കുമ്പോൾ (1921) എന്നീ സിനിമാഗാനങ്ങളും ആലപിച്ചു.
ഫോക് ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, മാപ്പിള കലാരത്‌നം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Post a Comment