ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് പൂരം നാളെ മുതല്‍;ഇന്ത്യ–പാകിസ്ഥാൻ ശനിയാഴ്ച

(www.kl14onlinenews.com)
(29-Aug-2023)

ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് പൂരം നാളെ മുതല്‍;ഇന്ത്യ–പാകിസ്ഥാൻ ശനിയാഴ്ച

മു‍ൾട്ടാൻ (പാക്കിസ്ഥാൻ):
ലോകകിരീടത്തിൽ കണ്ണുവച്ച 6 രാജ്യങ്ങൾ നാളെ മറ്റൊരു പോരിനിറങ്ങുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റ് ഏകദിന ടൂർണമെന്റിന് നാളെ മുൽത്താൻ‌ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടങ്ങുമ്പോൾ എല്ലാ ടീമുകളുടെയും കണ്ണ് ആഴ്ചകൾ മാത്രം അകലെയുള്ള ഏകദിന ലോകകപ്പിൽത്തന്നെ. നാളെ ഉച്ചകഴിഞ്ഞ് 3ന് പാക്കിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും തത്സമയം.
പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനൽ സെപ്റ്റംബർ 17നു കൊളംബോയിൽ നടക്കും. ശനിയാഴ്ച ശ്രീലങ്കയിലെ പല്ലെകെലെയിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കഴിഞ്ഞ തവണ ട്വന്റി20 ഫോർമാറ്റിൽ നടത്തിയ ഏഷ്യാ കപ്പിലെ ജേതാക്കാൾ ശ്രീലങ്കയാണെങ്കിലും ആരാധകലോകത്തിന്റെ ശ്രദ്ധ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിലാണ്. കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനെതിരായ പരമ്പര 3–0ന് ജയിച്ച പാക്കിസ്ഥാൻ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച കഴിഞ്ഞ ലോകകപ്പിൽ മാഞ്ചസ്റ്ററിലായിരുന്നു ഇതിനു മുൻപ് ഇന്ത്യ– പാക്കിസ്ഥാൻ ഏകദിനം നടന്നത്. അന്ന് വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

ഒക്ടോബർ 5ന് ആരംഭിക്കുന്ന ലോകകപ്പിന്റെ റിഹേഴ്സലെന്ന നിലയിൽ, 17 അംഗ ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റിസർവ് താരമായി സഞ്ജു സാംസണും ടീമിലുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന കെ.എൽ.രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയത് കരുത്തു പകരുമെന്ന വിശ്വാസത്തിലാണ് ടീം മാനേജ്മെന്റ്. ക്യാപ്റ്റൻ ബാബർ അസം നയിക്കുന്ന ബാറ്റിങ് നിരയും ഷഹീൻ അഫ്രീദി– നസീം ഷാ– ഹാരിസ് റഊഫ് പേസ് ത്രയത്തിലുമാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.

അതേസമയം, സഹ ആതിഥേയരായ ശ്രീലങ്കയ്ക്കു പ്രധാന വെല്ലുവിളി പരുക്കാണ്. ഫാസ്റ്റ് ബോളർ ദുഷ്മന്ത ചമീര പരുക്കേറ്റ് പുറത്തായി.

6 ടീമുകൾ, 2 ഗ്രൂപ്പുകൾ

6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകൾ. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിനു യോഗ്യത നേടും. സൂപ്പർ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.

Post a Comment

Previous Post Next Post