കുടുംബപ്രശ്നം: ഒത്തുതീർപ്പ് ചര്‍ച്ചക്ക് ശേഷം മടങ്ങിയ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍

(www.kl14onlinenews.com)
(16-Aug-2023)

കുടുംബപ്രശ്നം: ഒത്തുതീർപ്പ് ചര്‍ച്ചക്ക് ശേഷം മടങ്ങിയ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമം, ഭർത്താവ് അറസ്റ്റില്‍
പത്തനാപുരം: കുടുംബപ്രശ്നങ്ങളെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം മടങ്ങിയ യുവതിയെ ഭർത്താവ് പിന്തുടർന്നെത്തി നടുറോഡിൽ വച്ച് കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശ്ശേരി രേവതിവിലാസത്തിൽ രേവതി(24)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം അനന്താവൂർ ബാവപ്പടി, നൈനിക്കാട്ടിൽവീട്ടിൽ ഗണേഷ് (30) അറസ്റ്റിലായി.

പത്തനാപുരം-കുന്നിക്കോട് റോഡിൽ മൗണ്ട് താബോർ കുരിശ്ശടിക്ക് എതിർവശം ആളുകൾ നോക്കിനിൽക്കെയാണ് കൊലപാതക ശ്രമം. ഒൻപതുമാസം മുമ്പ് ഇവരുടെ വിവാഹിതരായ ഇവർ അടുത്തകാലത്തായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് പത്തനാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി എസ്എച്ച്ഒ ജയകൃഷ്ണൻ പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരെയും ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴങ്ങാതെ വിവാഹമോചനം വേണമെന്ന ആവശ്യത്തിൽ യുവതി ഉറച്ചുനിന്നു. ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനത്തിന് ഇരുവരും തയ്യാറാണെന്ന് എഴുതിനൽകിയ ശേഷം രേവതിയും പിന്നാലെ ഗണേഷും സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു.

പഞ്ചായത്ത് ഓഫീസ് ജങ്ഷനിൽനിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ പിന്നാലെയെത്തിയ ഗണേഷ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി. റോഡിൽ വീണപ്പോൾ കത്തി ഉപയോഗിച്ച് കഴുത്തറത്തു. ആക്രമണം തടയാൻ ശ്രമിച്ചതോടെ ഇവരുടെ കൈക്കും വിരലുകൾക്കും വെട്ടേറ്റു. സമീപത്തുണ്ടായിരുന്നവർ ഗണേഷിനെ പിടിച്ചുമാറ്റി കൈകാലുകൾ കെട്ടി സ്ഥലത്തെത്തിയ പോലീസിന് കൈമാറുകയായിരുന്നു.

Post a Comment

Previous Post Next Post